ചാടിപ്പോകുന്ന കോൺഗ്രസുകാരെ തടയാൻ പോലും രാഹുൽ ഗാന്ധി മെനക്കെടുന്നില്ല -എം.എ ബേബി

ഇന്ത്യയിലെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൃഥാ വ്യായാമമാണെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. കോൺഗ്രസിൽ നിന്നും നേതാക്കൾ കൊഴിഞ്ഞു പോവുകയും രാജ്യത്തെ കൂടുതൽ മുസ് ലിം പള്ളികളിൽ സംഘ്പരിവാർ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധി എവിടെയാണെന്ന് എം.എ ബേബി പോസ്റ്റിലൂടെ ചോദ്യം ഉന്നയിക്കുന്നു.

എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ ഗാന്ധി എവിടെയാണ്?

ഉദയ്പൂരിൽ നടത്തിയ കോൺഗ്രസ് ചിന്തൻ ശിബിരത്തിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന വളരെ ഗംഭീരമായിരുന്നു! "ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് എന്റെ ജീവിതം!" ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ നടത്തിയിട്ടുള്ള പ്രസ്താവനകളെ ഓർമിപ്പിച്ചു! ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും വിയര്‍പ്പൊഴുക്കണമെന്നും അദ്ദേഹം കോൺഗ്രസുകാരോടു ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ആർ.എസ്.എസിന്‍റെ ഫാസിസ്റ്റിക് ആയ ഭരണത്തിനെതിരെ വിയർപ്പൊഴുക്കാൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നത് എത്ര നല്ല രാഷ്ട്രീയനീക്കം ആയിരിക്കും! പക്ഷേ, ഇന്ത്യ മുഴുവൻ വർഗീയ വിഭജനം നടത്തി ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ കലാപങ്ങൾക്ക് വെടിമരുന്ന് കൂട്ടിവെക്കുകയാണ് സംഘ്പരിവാർ.

ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതൽ ജമ്മു കാശ്മീർ സംഘർഷഭരിതമാണ്. വർഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡല പുനർനിർണയനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ.

ഉത്തർപ്രദേശിൽ മഥുരയിലും കാശിയിലും പള്ളികൾ തർക്ക മന്ദിരങ്ങളാക്കി കലാപം നടത്താൻ ഒരുക്കം കൂട്ടുന്നു. കാശിയിലെ ഗ്യാൻവാപി പള്ളിയിലെ വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന കുളം കഴിഞ്ഞ ദിവസം മുതൽ കോടതി ഉത്തരവുപ്രകാരം സീൽ ചെയ്തിരിക്കുകയാണ്. മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുന്ന കേസ് കീഴ്കോടതി തള്ളിക്കളഞ്ഞതാണ്. 1991ലെ ആരാധനാലയ നിയമപ്രകാരം 1947 ആഗസ്റ്റ് പതിനഞ്ചിന് ഒരു ആരാധനാലയത്തിന്റെ നില എന്താണോ അത് മാറ്റാൻ ആവില്ല. അതുപ്രകാരമാണ് ഈ കേസ് തള്ളിക്കളഞ്ഞ്. എന്നാൽ ഇന്ന് ജില്ലാ കോടതി ഈ കേസ് ഫയലിൽ സ്വീകരിച്ചു. അങ്ങനെ മഥുരയെയും ഇന്ത്യയെ വർഗീയ വിഭജനത്തിനുള്ള ഒരിടമാക്കുകയാണ്.

ഡൽഹിയിലെ ജഹാംഗീർ പുരിയിലും മറ്റും മുസ്ലിം പ്രദേശങ്ങൾ തിരഞ്ഞു പിടിച്ച് ബുൾഡോസർ അയയ്ക്കുന്നു. താജ്മഹലിന്‍റയും കുത്തബ് മിനാറിന്‍റെയും പേരിൽ തർക്കമുണ്ടാക്കുന്നു. ഹൈദരാബാദിലെ ചാർമിനാറിന്‍റെ ഒരു മൂലയിൽ ഒരു കോവിൽ സ്ഥാപിച്ച് അവിടെ മുമ്പേ കലാപം ഉണ്ടാക്കി. അടുത്ത കൊല്ലം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയലഹളകൾ ഉണ്ടാക്കുന്നു. പൗരത്വബില്ലിന്‍റെ പേരിൽ അസമിലും ബംഗാളിലുമുണ്ടായ പ്രശ്നങ്ങൾ തീർന്നിട്ടില്ല. കർണാടകത്തിലെ പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ മാറ്റി ഗോൾവാൾക്കറുടെ രചന ഉൾപ്പെടുത്തുന്നു. മതപരിവർത്തന നിയമത്തിന്റെയും മറ്റു കാരണങ്ങൾ പറഞ്ഞും ക്രിസ്ത്യാനികൾക്കെതിരെയും കർണാടകയിലെ സംഘ്പരിവാരം തിരിഞ്ഞിരിക്കുന്നു. ഹിജാബ് എന്ന പേരിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ച തൊട്ടു പിന്നാലെ ആണിത്.

ഇവിടെ എവിടെയെങ്കിലും ആർ.എസ്.എസിനെതിരായ സമരമാണ് എന്‍റെ ജീവിതം എന്നു പറഞ്ഞ രാഹുൽ ഗാന്ധിയെ കാണാനുണ്ടോ? ജനങ്ങളെ വിയർപ്പൊഴുക്കി അണിനിരത്താൻ ഏതെങ്കിലും കോൺഗ്രസുകാർ ഉണ്ടോ? മുങ്ങുന്ന കപ്പലിൽ നിന്ന് ചാടിപ്പോകുന്ന കോൺഗ്രസുകാരെ തടയാൻ പോലും രാഹുൽ ഗാന്ധി മെനക്കെടുന്നില്ല. കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ അധ്യക്ഷൻ സുനിൽ ജാഖർ ഇന്നലെ ബി.ജെ.പിൽ ചേർന്നു. ഇന്നു ചേരുന്നത് ഗുജറാത്തിലെ വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ആണ്. കേരളത്തിലെ കോൺഗ്രസുകാർ പോലും ഓരോരുത്തരായി പാർട്ടി വിടുകയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൃഥാ വ്യായാമമാണെന്ന് നിശ്ചയം.

Tags:    
News Summary - Rahul Gandhi does not even bother to stop the fleeing Congressmen - MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.