കൊച്ചി: നടി ഹണി റോസിന്റെ പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി കേസ് ഈ മാസം 27ലേക്ക് മാറ്റി. മോശം പരാമർശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്നുവെന്നാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തിട്ടില്ല.
ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിച്ചത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിലപാട് കോടതി തേടിയത്.
അതേസമയം, ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിന്‍റെ വാദം. ഹണി റോസിന്‍റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുൽ പറയുന്നു.
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനൽ ചർച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോളായിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാൻ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.
തിരുവനന്തപുരം: നടി ഹണി റോസ് വിമർശനത്തിനതീതയല്ലെന്നും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനുള്ളിൽ നിന്നാണ് താൻ വിമർശനമുന്നയിച്ചതെന്നും രാഹുൽ ഈശ്വർ. സഭ്യമായ രീതിയിലാണ് താൻ വിമർശനം മുന്നോട്ടുവെച്ചത്. പുരുഷന്മാരുടെ ആത്മാഭിമാനത്തിനും വിലയുണ്ട്. തനിക്ക് ജയിലിൽ പോകാൻ മടിയില്ലെന്നും രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും മുഖ്യധാരാ മാധ്യമങ്ങളും പൊലീസും സംരക്ഷണകവചമൊരുക്കുന്ന ഹണി റോസ് അബലയല്ല, ശക്തയാണ്. ബോബി ചെമ്മണൂരിന്റെ നന്മകൊണ്ട് അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗത്തെ ന്യായീകരിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.