അന്വേഷണം ശക്തമാക്കിയതോടെ രാഹുൽ ഒളിവിൽ; രാജ്യം വിടാൻ സാധ്യത, ലുക്ക്ഔട്ട് സർക്കുലറുമായി പൊലീസ്
തിരുവനന്തപുരം: പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് രാഹുലിനെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി.
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെയും സുഹൃത്തിനെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെ ഒന്നാം പ്രതിയും സുഹൃത്തും അടൂർ സ്വദേശിയുമായ ജോബി ജോസഫിനെ രണ്ടാം പ്രതിയുമാക്കി വലിയമല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. എം.എൽ.എയായിരിക്കെ തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്നും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നുമാണ് വിവാഹിതയായ യുവതിയുടെ മൊഴി.
വിവാഹം കഴിക്കാതെ കുട്ടി ഉണ്ടായാൽ തന്‍റെ രാഷ്ട്രീയ ഭാവി നശിക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് നിർബന്ധിതമായി ഗുളിക നൽകി ഗർഭഛിദ്രം നടത്തിയത്. ഇതിനായി രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്. യുവതിയെ നെയ്യാറ്റിൻകര സി.ജെ.എം കോടതിൽ ഹാജരാക്കിയ പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി.
അതേസമയം, യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയെ താൻ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
വിവാഹിതയായ യുവതിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായത്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന് തന്നെയാണെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു. ഹരജി ബുധനാഴ്ച പരിഗണിക്കും.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസിന്‍റെ നേതൃത്വത്തിലാകും അന്വേഷണം.
ചുമത്തിയ വകുപ്പുകൾ
- ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്):
- 64(2)(എഫ്)- വിശ്വാസ്യത ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക
- 64(2)(എച്ച്)- ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക
- 64(2)(എം)- തുടര്‍ച്ചയായ ബലാത്സംഗം
- 89-നിര്‍ബന്ധിത ഭ്രൂണഹത്യ
- 115(2)- കഠിനമായ ദേഹോപദ്രവം
- 351(3)- അതിക്രമം
- 3(5) - ഉപദ്രവം
- 66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക/പ്രസിദ്ധീകരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.