തിരുവനന്തപുരം: കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാധ്യതയുള്ള വിവരം തനിക്കറിയില്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം പൊലീസിന് മൊഴി നൽകി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽനിന്ന് വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന് അറിയാമായിരുന്നു.
അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യം അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണമാല പണയത്തിൽനിന്ന് എടുത്ത് നൽകാൻ ദിവസങ്ങൾക്ക് മുമ്പ് 60,000 രൂപ അയച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. അതിനാൽ, സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ലെന്നും ഏഴ് വർഷത്തിനുശേഷം വെള്ളിയാഴ്ച സൗദിയിൽനിന്ന് നാട്ടിലെത്തിയ റഹീം മൊഴി നൽകി.
ഈ മൊഴിയോടെ അഫാന്റെ പണമിടപാടിൽ ദുരൂഹത വർധിക്കുന്നു. താനും ഉമ്മയും ചേർന്ന് 14 പേരിൽനിന്ന് 65 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. ഇത്രയും തുക കടമുണ്ടെന്ന് പൊലീസും കണ്ടെത്തി. മാതാവ് ഷെമി നടത്തിയ ചിട്ടി അടിച്ചിട്ടും പണം കൊടുക്കാത്തതിനാൽ റഹീമിന്റെ സഹോദരൻ ലത്തീഫും അഫാനും തമ്മിൽ വഴക്കുണ്ടായിരുന്നു.
മകന്റെ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന മാതാവ് ഷമി താൻ കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. നെടുമങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റുബീന ഇസ്മായിലാണ് വെള്ളിയാഴ്ച രാത്രി വെഞ്ഞാറമൂട് മെഡിക്കൽ കോളജിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. രാത്രി 8.45ഓടെ ആരംഭിച്ച മൊഴിയെടുക്കൽ 9.45 വരെ നീണ്ടു.
ആശുപത്രിയിൽ കഴിയുന്ന അഫാനെ ഞായറാഴ്ച ജയിലിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.