ക്വാ​റി​ക​ളു​ടെ പാ​രി​സ്​​ഥി​തി​ക അ​നു​മ​തി;  ര​ണ്ടു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തിരുവനന്തപുരം: ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതിക്കായി ലഭിക്കുന്ന അപേക്ഷകള്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. 105 ദിവസത്തിനകം തീര്‍പ്പാക്കണമെന്നതാണ് നിയമവ്യവസ്ഥ. ഖനന, -നിര്‍മാണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷഫീസ് ഗണ്യമായി കുറക്കാനും തീരുമാനിച്ചു. 10 ആര്‍ വരെ 5000 രൂപ, അധികമായി വരുന്ന ഓരോ 10 ആറിനും 5000 രൂപ എന്ന നിരക്കിലാണ് പുതുക്കി നിശ്ചയിക്കുക. ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലങ്ങളില്‍ നിലവില്‍ 75,000 രൂപയാണ് ഫീസ്. പുതിയ തീരുമാനം ചെറുകിട ക്വാറിക്കാര്‍ക്ക്  ആശ്വാസമാവും. അഞ്ച് ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് ജില്ലതല പാരിസ്ഥിതികാഘാതനിര്‍ണയ അതോറിറ്റികളില്‍ അധികമായി ഉദ്യോഗസ്ഥരെ നിയമിക്കും. റോഡ്, തടാകം, വീട്, നദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ക്വാറിപ്രവര്‍ത്തനങ്ങള്‍ക്കായി പാലിക്കേണ്ട ദൂരപരിധി 2015-ല്‍ 100 മീറ്റര്‍ ആയി വർധിപ്പിച്ചിരുന്നു. ഇതുമൂലം നിരവധി ക്വാറികള്‍ സ്തംഭനാവസ്ഥയിലായ സാഹചര്യം പരിശോധിച്ച് ദൂരപരിധിയില്‍ ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. 

മണല്‍ഖനനം പൂര്‍ണമായും പൊതുമേഖലയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഏപ്രില്‍ 30നകം സമര്‍പ്പിക്കണമെന്നും നിർദേശിച്ചു. പുതുതായി വനാതിര്‍ത്തിയില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്ന 2015-ലെ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ നിബന്ധന പുനഃപരിശോധിക്കും. വനത്തെ സംബന്ധിച്ച പരിധി മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റി പരിശോധിച്ച് നടപടി എടുക്കും. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷകള്‍ തയാറാക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കലക്ടറേറ്റുകളില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. നിർമാണവസ്തുക്കളായ പാറ, മണൽ, ചളി, വെട്ടുകല്ല് എന്നിവ ഖനനം ചെയ്യുന്നതിന് 2006 വരെ പാരിസ്ഥിതിക അനുമതി വേണ്ടിയിരുന്നില്ല. അതിനുശേഷം, അഞ്ച് ഹെക്ടറിനുമുകളില്‍ ഖനനം ചെയ്യുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, 2012 ഫെബ്രുവരി 27-ന് സുപ്രീംകോടതി എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതി നേടിയിരിക്കണം എന്ന് ഉത്തരവിടുകയായിരുന്നു. യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീ. ചീഫ് സെക്രട്ടറിമാരായ പോള്‍ ആൻറണി, വി.എസ്. സെന്തിൽ, പി. മാരപാണ്ഡ്യന്‍, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - quarry in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.