തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ ബാബുവിന്റെ മകൻ അര്‍ജുൻ (30) ഞായറാഴ്ചയാണ് അപകടത്തിൽ മരിച്ചത്. ഗ്യാസ് പ്ലാന്റിൽ അറ്റകുറ്റപ്പണിക്കിടെയായിരുന്നു സംഭവം.
മൃതദേഹം വിട്ടുകിട്ടാൻ ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. അർജുന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
അതേസമയം, അർജുന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും കുടുംബത്തിനും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുമ്പാണ് അർജുൻ ഖത്തറിൽ പ്രവാസ ജീവിതം ആരംഭിച്ചത്. റാസ് ലഫാനിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അര്‍ജുന്‍. കൂടെ ജോലി ചെയ്യുന്നവരോടും നാട്ടുകാരോടും എപ്പോഴും സൗമ്യമായി മാത്രം പെരുമാറിയിരുന്ന അർജുൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.
നാട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ശേഷമാണ് അർജുൻ അവസാനം ഖത്തറിലേക്ക് തിരികെയെത്തിയത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അർജുനും പിതാവ് ബാബുവും ഒരുക്കിയ കലാവിരുന്ന് ഏവരും സങ്കടത്തോടെ ഇപ്പോൾ പങ്കുവെക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ മാതൃകയായിരുന്നു ഇരുവരും.
പത്തുമാസം മുമ്പാണ് വിവാഹിതനായത്. വാണിമേൽ പുതുക്കയം സ്വദേശി അതുലയാണ് ഭാര്യ. മാതാവ്: സീന. സഹോദരി: വിസ്മയ.
അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റിന്റെ പ്രവർത്തനം ഞായറാഴ്ച പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.