കേരളത്തിൽ ബി.ജെ.പിക്ക് സീറ്റുണ്ടാക്കി കൊടുത്തയാളാണ്, ജനങ്ങളെ ​പൊട്ടൻമാരാക്കരുത്; അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡലിന് ശിപാർശ നൽകിയതിൽ പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് വീണ്ടും ശിപാർശ നൽകിയതിൽ പ്രതികരണവുമായി മുൻ എം.എൽ.എ പി.വി. അൻവർ. പച്ചയായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ശിപാർശ നൽകിയതെന്ന് പി.വി. അൻവർ പറഞ്ഞു.

ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായിരുന്നു. കേന്ദ്രം അഞ്ചുതവണ ശിപാർശ നിരസിച്ചു. ഇപ്പോഴത്തെ ശിപാർശക്ക് പിന്നിൽ പിണറായി വിജയന്റെ താൽപര്യമാണെന്നും അൻവർ ആരോപിച്ചു.

അജിത് കുമാറിനെ ഡി.ജി.പിയായി നിയമിക്കാനുള്ള ശ്രമം നടക്കുന്നു. അതിന് അതിന് സഹായകരമാവുന്ന ഒരു ഉപകരണമായി രാഷ്ട്രപതിയുടെ സേവാ മെഡലിനെ മാറ്റാനാണ് നീക്കം. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൊട്ടന്മാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്നും അൻവർ പ്രതികരിച്ചു.

ഇതിൽ അത്ഭുതമൊന്നുമില്ല. പിണറായിയിൽ നിന്നും ഓഫിസിൽ നിന്നു ഇത്തരം കാര്യങ്ങൾ മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. കേരളത്തിൽ ബി.ജെ.പിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത്കുമാറാണ്. ഇത്രകാലം അവർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തൊരു കാര്യം സാധിപ്പിച്ചുകൊടുത്ത വ്യക്തിയാണ്. സ്വാഭാവികമായും ക്ലിയറൻസ് കിട്ടിയാൽ മെഡൽ കിട്ടാൻ സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കട്ടെ. അജിത്കുമാറിനെതിരെ താൻ നടത്തിയ അഴിമതിയാരോപണങ്ങളിൽ പൊലീസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ടിന്റെ കോപ്പി പോലും പരാതിക്കാരനായ തനിക്ക് നൽകിയിട്ടില്ല. റിപ്പോർട്ട് കിട്ടിയാലല്ലേ കോടതിയിൽ പോകാനാവൂ. ഇനിയിപ്പോ ആ കോപ്പി കിട്ടാൻ കോടതിയിൽ പോവേണ്ട അവസ്ഥയാണ്. അത്രയും സംരക്ഷിതവലയമാണ് നാലുഭാഗത്തും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നതെന്നും അൻവർ വിമർശിച്ചു. അധാർമിക ബന്ധത്തിന്റെ സൂചനകൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളാണ് സർക്കാരിൽ നിന്നും വരുന്നത്. ഇതിനൊക്കെ തിരിച്ചടി നൽകാൻ 2026ൽ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ആ ജനകീയ കോടതിയിൽ തിരിച്ചടി ലഭിക്കും. അതിന്റെ പ്രതിഫലനം നിലമ്പൂരിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ മെഡലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരിക്കും വീണ്ടും ശിപാർശ ചെയ്തിരിക്കുന്നത്. അധികം വൈകാതെ അക്കാര്യം വ്യക്തമാകുമെന്നും അൻവർ മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. 

Tags:    
News Summary - PV Anvar reacts Ajith Kumar for President's Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.