ആലുവ: പി.വി.അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാഴാഴ്ച ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നിർദേശിച്ചു. രാവിലെ 11ന് രേഖകൾ ഹാജരാക്കാനാണ് ബന്ധപ്പെട്ടവരോട് ഭൂരേഖ അസി.തഹസിൽദാർ പി.എന്‍. അനി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 11ന് രേഖകൾ ഹാജരാക്കാൻ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന അന്നത്തെ ഭൂരേഖ തഹസില്‍ദാര്‍ പി.കെ. ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയാണ് എം.എൽ.എയുടെ അഭിഭാഷകൻ ചെയ്തത്.
എടത്തലയിലെ പാട്ടഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ രേഖകള്‍ ഹാജരാക്കാന്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ കമ്പനിയായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് രണ്ടാഴ്ചത്തെ സമയമാണ് ആലുവ താലൂക്ക് ഓഫിസിൽനിന്ന് അനുവദിച്ചിരുന്നത്. പരാതിക്കാരിയുടെ സമ്മതം കൂടി വാങ്ങിയ ശേഷമാണ് സമയം അനുവദിച്ചത്. ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസര്‍ വി.പി. ഡേവീസും അന്ന് ഹിയറിങ്ങിന് എത്തിയിരുന്നു. കാക്കനാട് സ്വദേശി ജോയ് മാത്യുവിെൻറ പേരിലുള്ള എടത്തലയിലെ 11.46 ഏക്കർ ഭൂമിയെ സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. ജോയ് മാത്യുവിന് പങ്കാളിത്തമുള്ള ജോയ്മാറ്റ് ഹോട്ടല്‍ ആൻഡ് റിസോര്‍ട്ടിന് ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിരുന്നു. ഭൂമിയുടെ മേല്‍ വായ്പ കുടിശ്ശിക വന്നതോടെ വായ്പ നല്കിയ ടൂറിസം ഫിനാന്‍സ് കോര്പറേഷന് പാട്ടാവകാശം ലേലം ചെയ്തു.
പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടാവകാശം വാങ്ങുകയായിരുന്നു. ജോയി മാത്യുവിെൻറ മരണശേഷം ഭാര്യ ഗ്രേസ് മാത്യു ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസില്‍ കരമടക്കാന്‍ എത്തിയപ്പോഴാണ് പി.വി. അന്‍വര്‍ എം.എല്‍.എ. എം.ഡിയായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കരമടച്ചതായി കണ്ടെത്തിയത്. 2006 മുതലുള്ള കരമാണ് കമ്പനി അടച്ചതായി കണ്ടെത്തിയത്. ആലുവ സബ് രജിസ്ട്രാര്‍ ഓഫിസിലടക്കം രേഖകളിൽ ഭൂമിയുടെ ഉടമസ്ഥെൻറ പേര് ജോയി മാത്യുവെന്നാണ്.
പാട്ടകാലാവധി കഴിയുമ്പോള്‍ ഉടമക്ക് തിരികെ ലഭിക്കേണ്ട ഭൂമി പോക്കുവരവ് നടത്തി തണ്ടപ്പേരില്ലാതെ കരം സ്വീകരിച്ചതിനെതിരെ ഗ്രേസ് മാത്യു ജില്ല കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കരം സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.