‘ടോളിനെതിരെ സമരം ചെയ്തവർ ടോൾ പിരിക്കാൻ പോകുന്നു’; ഇടത് സർക്കാറിനെ പരിഹസിച്ച് പി.വി. അൻവർ

ആലപ്പുഴ: കിഫ്ബി പദ്ധതിയിൽ നിര്‍മിക്കുന്ന റോഡുകളിൽ ടോള്‍ ഈടാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. ടോളിനെതിരെ സമരം ചെയ്തവർ ടോൾ പിരിക്കാൻ പോകുന്നുവെന്ന് പി.വി. അൻവർ പറഞ്ഞു.

രാജ്യത്ത് ദേശീയപാതകളിൽ ടോൾ ഏർപ്പെടുത്തിയപ്പോൾ ശക്തമായി എതിർക്കുകയും അക്രമസമരം വരെ ചെയ്ത പാർട്ടിയും മുന്നണിയും ജനങ്ങളെ കൊള്ളയടിക്കാനായി ടോൾ പിരിക്കാൻ പോവുകയാണ്. സെസ് പിരിക്കുമ്പോൾ അതിൽ കിഫ്ബിയുടെ അടവ് കൂടിയുണ്ട്. അതിലേക്കാണ് വീണ്ടും പിരിവ് നടത്തുന്നത്. ഇരുചക്രവാഹനം ഉള്ളവൻ പുറത്തിറങ്ങിയാൽ പോക്കറ്റടിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളതെന്നും പി.വി. അൻവർ വ്യക്തമാക്കി.

50 കോടി രൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള കിഫ്ബി റോഡുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. കേരളത്തിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള 1117 പദ്ധതികളിലെ 500 റോഡുകളില്‍ 30 ശതമാനവും 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഈ റോഡുകളിൽ നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ടോള്‍ നൽകേണ്ടിവരും.

ദേശീയപാത മാതൃകയിൽ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഈടാക്കുന്ന രീതി കിഫ്ബി നിർമിക്കുന്ന റോഡുകളിൽ ഉണ്ടാവില്ല. പകരം, കാമറകള്‍ സ്ഥാപിച്ച് ഫാസ്ടാഗ് മാതൃകയിൽ ടോള്‍ ഈടാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് പരിഗണനയിലുള്ളത്. അതേസമയം, 10 മുതൽ 15 കിലോമീറ്റർ വരെ ടോളിൽ ഇളവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ രീതിയിൽ തന്നെയാണ് സംസ്ഥാന പാതകളില്‍ നിന്ന് സർക്കാർ വരുമാനം ഉണ്ടാക്കുക. ടോൾ പിരിക്കുന്നത് സംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കിഫ്ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ സാധ്യതാ പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും.

അതേസമയം, കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാൻ മന്ത്രിസഭ തീരുമാനം എടുത്തിട്ടില്ലെന്നും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

Tags:    
News Summary - PV Anvar against the government's decision to levy toll on Kiifb roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.