10 ലക്ഷം രൂപയുടെ മത്സ്യബന്ധന വല തീയിട്ട് നശിപ്പിച്ചു

ആറാട്ടുപുഴ: റോഡരികിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വല തീയിട്ട് നശിപ്പിച്ചു. 1500 കിലോയോളം വല നശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പറയപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ തൃക്കുന്നപ്പുഴ പതിയാങ്കര 71-ാം നമ്പർ ധീവരസഭ കരയോഗത്തിൻറെ എതിർവശത്തായിരുന്നു സംഭവം. വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡിന്‍റെ അരികിൽ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധൻ വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്.

നല്ലാണിക്കൽ സ്വദേശികളായ യുവാക്കളാണ് വലക്ക് തീപിടിക്കുന്നത് കണ്ടത്. വള്ളത്തിന്റെ ഉടമകളും നാട്ടുകാരും തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായാണ് സംശയിക്കുന്നത്.

പതിയാങ്കര തറയിൽ ശശിധരൻ, കരിമ്പിൽ താമരാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന മത്സ്യതൊഴിലാളികൾ മത്സ്യഫെഡിൽ നിന്നും 10 ലക്ഷം രൂപയും, മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തും, അഞ്ച് ലക്ഷം രൂപ കടം വാങ്ങിയും പുതുതായി രൂപീകരിച്ചതാണ് ശ്രീബുദ്ധൻ വള്ളമെന്ന് തൊഴിലാളികൾ പറഞ്ഞു.

ഒരാഴ്ച മുമ്പാണ് എഴുപതോളം തൊഴിലാളികൾ ഒരു മാസത്തോളം കഷ്ടപ്പെട്ട് പുതിയ വലയുടെ നിർമാണം പൂർത്തീകരിച്ചതെന്നും ഇവർ പറയുന്നു. ദിവസങ്ങൾക്കുള്ളിൽ പണിക്കിറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നതിനാൽ സങ്കടം അടക്കാനാകുന്നില്ലെന്നും ആഴ്ചകൾ പണിയെടുത്തെങ്കിൽ മാത്രമേ വല പൂർവസ്ഥിതിയിലാകൂ എന്നും തൊഴിലാളികൾ പറഞ്ഞു.

മത്സ്യബന്ധന ഉപകരണങ്ങളെല്ലാം കാലങ്ങളായി തീരത്ത് തന്നെയാണ് സൂക്ഷിക്കുന്നതെന്നും കുറച്ച് വർഷങ്ങളായി ഇതിന് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. പുതിയ സംഭവത്തോടെ മൽസ്യത്തൊഴിലാളികളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.