വേങ്ങര/വണ്ടൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിലെ തർക്കത്തെത്തുടർന്ന് വേങ്ങരയിലും വണ്ടൂരിലും മുസ്ലിംലീഗിൽ പരസ്യ പ്രതിഷേധം. വേങ്ങരയിൽ മുസ്ലിംലീഗ് വാർഡ് കമ്മിറ്റി യോഗത്തിൽ കൈയാങ്കളിയും ഉന്തും തള്ളും നടന്നു. ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കച്ചേരിപ്പടിയിലാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നത്. ഇതോടെ സ്ഥാനാർഥിയെ തീരുമാനിക്കാനാകാതെ യോഗം പിരിഞ്ഞു. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദറിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിക്കാനാണ് കൺവെൻഷൻ വിളിച്ചത്. എന്നാൽ, മറ്റൊരാളെ സ്ഥാനാർഥിയാക്കണമെന്നും വേണമെങ്കിൽ വോട്ടെടുപ്പിലൂടെ സ്ഥാനാർഥി നിർണയം നടത്തണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ബാലറ്റുമായി ഇവർ തയാറായി വന്നെങ്കിലും യോഗം നിയന്ത്രിച്ച ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് തർക്കത്തിനിടെ യോഗം പിരിച്ചുവിടുകയായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പഞ്ചായത്ത് കമ്മിറ്റിയാണ് പരിഹരിക്കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു. യോഗം പിരിച്ചുവിട്ടെങ്കിലും തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.
വണ്ടൂരിൽ സ്ഥാനാർഥിനിർണയത്തെച്ചൊല്ലിയുള്ള തർക്കം മുസ്ലിം ലീഗ് ജില്ല, മണ്ഡലം ഭാരവാഹികൾ ഉൾപ്പടെയുള്ളവരെ പ്രവർത്തകർ ഓഫിസിൽ പൂട്ടിയിട്ടു. വണ്ടൂർ ഖാഇദേ മില്ലത്ത് ഓഫിസിൽ വ്യാഴാഴ്ച രാത്രി രാത്രി 10.30 ഓടെയാണ് സംഭവം. കരുവാരക്കുണ്ട്, വണ്ടൂർ പഞ്ചായത്തുകളിലെ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. കരുവാരകുണ്ട് പഞ്ചായത്തിലെ പുന്നക്കാട് ബ്ലോക്ക് ഡിവിഷനിലേക്ക് പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിച്ച പേര് നിയോജകമണ്ഡലം കമ്മിറ്റി ഒഴിവാക്കി മറ്റൊരു പേര് നിർദേശിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ കരുവാരകുണ്ടിലെ പഞ്ചായത്ത് ഭാരവാഹികളെ മണ്ഡലം കമ്മറ്റി ഓഫിസിലേക്ക് വിളിപ്പിച്ചു. എന്നാൽ, ചർച്ചയിൽ വ്യക്തമായ നിലപാട് പറയാൻ നേതൃത്വം തയാറായില്ലെന്നാരോപിച്ച് 50 ഓളം പ്രവർത്തകർ നേതാക്കളെ പൂട്ടിയിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.