വൈദ്യുതി പ്രതിസന്ധി; മൂലമറ്റം നിലയം പൂർണ ശേഷിയിലേക്ക്
മൂലമറ്റം (ഇടുക്കി): സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാൻ മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളും വെള്ളിയാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ആറാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കിയതോടെയാണ് നിലയം പൂർണ ശേഷിയിലേക്ക് മടങ്ങുന്നത്. ഇതോടെ സംസ്ഥാനത്തിന് പ്രതിദിനം 130 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാകും.കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം മൂലമറ്റം നിലയത്തിലെത്തി നടത്തിയ ചർച്ചയിലാണ് അറ്റകുറ്റപ്പണിയിലുള്ള ജനറേറ്റർ അടിയന്തരമായി പ്രവർത്തനസജ്ജമാക്കാൻ തീരുമാനമാനിച്ചത്.
ജൂൺ മുതൽ ഓരോ മാസവും ഓരോ ജനറേറ്റർ വീതമാണ് വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിയിരുന്നത്. ഇതുവരെ മൂന്നു ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ബാക്കി മൂന്നെണ്ണത്തിന്റേത് സമയക്രമത്തിൽ നടത്തും. എന്നാൽ, നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് അറ്റകുറ്റപ്പണികൾ താൽക്കാലികമായി മാറ്റിവെച്ച് ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. മഴക്കാലത്ത് ജലലഭ്യത വർധിക്കുകയും സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂലമറ്റം നിലയത്തിന്റെ പരമാവധി ഉൽപാദനശേഷി പ്രയോജനപ്പെടുത്തുന്നത് നിർണായകമാണ്. മുൻവർഷങ്ങളിലും മഴ ശക്തമാകുന്ന ഘട്ടങ്ങളിൽ സമാനമായി വാർഷിക അറ്റകുറ്റപ്പണികൾ ക്രമീകരിച്ച് ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിച്ചിരുന്നു. ആറ് ജനറേറ്ററുകളും ഒരുമിച്ച് പ്രവർത്തിക്കുന്നതോടെ നിലയത്തിലെ ഉൽപാദനം വർധിക്കുകയും നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.