പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്യൽ; ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂയെന്ന നിലപാടിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. എന്നാൽ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിൽ ഹാജരാകാനാകില്ലെന്ന നിലപാടിലാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും. ആ സാഹചര്യത്തിൽ എവിടെവച്ച് ചോദ്യം ചെയ്യൽ നടത്തുമെന്ന കാര്യത്തിലെ ആശയക്കുഴപ്പം തുടരുകയാണ്. അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് സംബന്ധിച്ച് പി.എസ്.സി നിയമോപദേശവും തേടിയിട്ടുണ്ട്. ഭരണഘടനാസ്ഥാപനമെന്ന നിലയിൽ സർക്കാറിന് കീഴിലുള്ള ഒരു ഏജൻസി അന്വേഷണത്തിന്‍റെ ഭാഗമായി നോട്ടീസ് നൽകിയാൽ പി.എസ്.സി അംഗങ്ങൾ ഹാജരാകേണ്ടതുണ്ടോയെന്ന കാര്യത്തിൽ വ്യക്തത തേടിയാണ് നിയമോപദേശം തേടിയിട്ടുള്ളത്.
ഈമാസം 15 മുതൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് പി.എസ്.സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാട് പി.എസ്.സി അധികൃതർ സ്വീകരിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. ചെയർമാൻ എം.ആർ. ബൈജു അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകാൻ ഉദ്ദേശിക്കുന്നത്. അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നോട്ടീസിനെ എതിർക്കുകയാണ് പി.എസ്.സി അധികൃതർ. കമീഷൻ ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് പി.എസ്.സി നിലപാട്. എന്നാൽ എവിടെ വച്ച് ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിന്‍റെ വിവേചനാധികാരമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
പി.എസ്.സിയുടെ ആവശ്യത്തിൽ ക്രൈംബ്രാഞ്ച് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. പി.എസ്.സി ആസ്ഥാനത്ത് ദിവസങ്ങളോളം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മൊഴിയെടുക്കൽ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നിട്ടുള്ളത്. ആസൂത്രണ ബോർഡ് നിയമനം പുനഃപരിശോധിക്കണമെന്നും മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ രണ്ട് പി.എസ്.സി ഉുദ്യാഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി മുഖന ക്രൈംബ്രാഞ്ച് സർക്കാറിന് കത്ത് നൽകിയിരിക്കുകയാണ്. അതിന് പിന്നാലെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി പി.എസ്.സി ഉന്നതരെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷയുമായി ബന്ധപ്പെട്ട ഇന്‍റർവ്യൂവിലുൾപ്പെടെ പി.എസ്.സി ഉന്നതരുടെ ഇടപെടലുണ്ടായെന്ന മൊഴികളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.