ഇരട്ടക്കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കീടനാശിനി പൊട്ടി ഒലിച്ചിറങ്ങിയ നിലയിൽ


ഇരട്ടക്കുട്ടികളുടെ മരണം ചിതലിനെ കൊല്ലാൻ സൂക്ഷിച്ച കീടനാശിനി ഉള്ളിൽച്ചെന്ന്; മൃതദേഹങ്ങൾ ഖബറടക്കി

അടിമാലി: വാളറ ഒഴുവത്തടത്ത് ഇരട്ടക്കുട്ടികൾ മരിച്ചത് കീടനാശിനി ഉള്ളിൽച്ചെന്നതിനെ തുടർന്നെന്ന് പൊലീസ്. മുടിപ്പാറ വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ ഒരു വയസ്സുള്ള ഇഹാൻ, റിഹാൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

ഒഴുവത്തടത്തെ വാടകവീട്ടിൽ ചിതലിന് അടിക്കാൻ സൂക്ഷിച്ച കീടനാശിനി കുട്ടികളുടെ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. രണ്ടു മാസം മുമ്പാണ് അടിമാലി സ്വദേശിയായ അഫ്സലും ഭാര്യ സാന്ദ്രയും മക്കളുമൊത്ത് സംഭവസ്ഥലത്തെ വീട്ടിൽ വാടകക്ക് താമസം തുടങ്ങിയത്. അഫ്സലിന് പനിയായിരുന്നതിനാൽ ആശുപത്രിയിൽ പോയി മടങ്ങിവന്നശേഷം സാന്ദ്ര കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഈ സമയം കറന്റും ഇല്ലായിരുന്നു. പെട്ടെന്നാണ് കുട്ടികളിൽ ഒരാളുടെ വായിൽനിന്ന് നുരയും പതയും വരുന്നത്. ഒരാൾ അവശനിലയിലുമായിരുന്നു. ഉടൻ തന്നെ അയൽവാസികളും നാട്ടുകാരും ചേർന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുക്കളയിലെ ബർത്തിന് മുകളിൽ വെച്ച കീടനാശിനിയുടെ കുപ്പി പൊട്ടി ദ്രാവകം ഒലിച്ച് തറയിൽ കിടക്കുകയും വൈദ്യുതി പോയ സമയത്ത് കുട്ടികൾ ഇതിന് സമീപമെത്തി കഴിക്കുകയുമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. വിശദ പരിശോധനക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയിൽ കീടനാശിനിയുടെ കുപ്പി കണ്ടെത്തി. കുട്ടികളിൽ ഒരാളുടെ കൈത്തണ്ടയിൽ രാസപദാർഥത്തിന്‍റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കളുടെ മൊഴി പൊലീസ് വെള്ളിയാഴ്ച രാത്രി തന്നെ രേഖപ്പെടുത്തിയിരുന്നു. കുട്ടികൾ കീടനാശിനി ഒലിച്ചുവന്നത് കഴിച്ചതാണെന്നാണ് ഇവർ നൽകിയ മൊഴി. തങ്ങൾ ഈ വീട്ടിലേക്ക് വരുന്നതിനുമുമ്പേ കുപ്പി അവിടെ ഉണ്ടായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളും ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

നടപടിക്രമങ്ങൾക്കുശേഷം കുട്ടികളുടെ മൃതദേഹം ഖബറടക്കി. ഇടുക്കി ഡിവൈ.എസ്.പി മോഹൻദാസ്, അടിമാലി സി.ഐ സിദ്ദീഖ് അബ്ദുൽ ഖാദർ, എസ്.ഐമാരായ അനീഷ് കെ. ജോൺ, അബ്ബാസ് മീരാൻ, എ.എസ്. ജാഫർ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ദമ്പതികൾക്ക് നാലു വയസ്സുകാരനായ അഹിൽ എന്ന കുട്ടി കൂടിയുണ്ട് .

Tags:    
News Summary - Death of twins due to ingestion of pesticide kept for killing termites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.