മാലിന്യം വെറും വേസ്റ്റല്ല, പണവും കിട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവക്ക് പ്രതിഫലം നൽകാനാണ് ആലോചന. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളുടെ ഉപയോഗം കുറക്കാനും വേണ്ടിയാണ് പ്രതിഫലം നൽകുന്നത് പരിഗണിക്കുന്നത്.
കഴിഞ്ഞ സർക്കാറിന്‍റെ അവസാകാലത്ത് ഇ-മാലിന്യങ്ങൾ വില നൽകി ശേഖരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പീന്നീട് അത് നടന്നില്ല. പുതിയരീതി യു.ഡി.എഫ് സർക്കാറിന്റെ ആലോചനയിലുണ്ടെങ്കിലും വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന യൂസർ ഫീ ശേഖരിക്കുന്നത് തുടരാൻ തന്നെയാണ് തീരുമാനം. എന്നാൽ, വീടിന്റെ വലുപ്പം അനുസരിച്ച് യൂസർഫീ പരിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്.
ചെറിയ വീടുള്ളവർ കുറഞ്ഞതുക നൽകിയാൽ മതിയാകും. സർക്കാറിന് കീഴിൽ പുനഃസംഘടിപ്പിച്ച, തദ്ദേശ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ ആദ്യയോഗത്തിലാണ് പദ്ധതിയുടെ പ്രാഥമിക ചർച്ച നടന്നത്. മന്ത്രി കെ.എം. ഷാജി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, അംഗം ഡോ.പി.പി. ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് സമഗ്രമായി പഠിക്കാനും ശാസ്ത്രീയവും സുസ്ഥിരവുമായ പദ്ധതികൾ തയാറാക്കാനുമായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ കൺവീനറായും ഉപസമിതി രൂപവൽക്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.