സി.പി.എം വിശാല സമിതി; വ്യക്തിവിമർശനങ്ങൾക്ക് തടയിടാൻ നീക്കം

തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിയിൽ വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾ തടയുന്നതിന് ജില്ല സെക്രട്ടറിയേറ്റ് യോഗങ്ങൾ വഴി നീക്കം. സമിതിക്ക് മുന്നോടിയായി ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് ഇക്കാര്യത്തിൽ നിർദേശമുണ്ടായത്. തെറ്റ് പറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ എന്നത് സംബന്ധിച്ച് വിവാദം പാർട്ടിക്കുള്ളിൽ തർക്ക വിഷയമായി തുടരുന്നതിനിടെ തെറ്റുതിരുത്തൽ ചർച്ചകൾ വ്യക്തികേന്ദ്രീകൃത വിഭാഗീയതയിലേക്ക് വഴിമാറാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് വിവരം.

വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ ചോരുന്നത് തടയുന്നതിന് നേരത്തെ ജില്ല സെക്രട്ടറിയേറ്റുകൾക്ക് കർശനം നിർദേശം നൽകിയിരുന്നു. സമിതിയിൽ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റംഗങ്ങളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ഓരോരുത്തരിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങിയ തലസ്ഥാനത്തെ നടപടിയും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തി വിമർശനങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ. നേതൃത്വത്തിനോ പാർട്ടിക്കോ തെറ്റുപറ്റിയിട്ടില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തള്ളി, ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്‍റാണ് പരാജയം എന്ന വാദമുന്നയിച്ച് തോമസ് ഐസക് പരസ്യമായി രംഗത്ത് വന്നതും നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.

തിരുത്തൽ പ്രക്രിയ ഒരുതരത്തിലും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളരരുത് എന്നതും നേതൃത്വത്തിന് പരിക്കേൽപ്പിക്കരുത് എന്നതുമാണ് ജില്ല സെക്രട്ടറിയേറ്റ് വഴിയുള്ള ‘ഉപരികമ്മിറ്റി’ നീക്കത്തിന്‍റെ ആകെത്തുക. വ്യക്തി വിമർശനങ്ങൾക്ക് പകരം, സംഘടനാപരമായ പോരായ്മകളിലേക്ക് ചർച്ച വഴിതിരിച്ചുവിടാനാണ് ശ്രമം.

Tags:    
News Summary - CPM's extended committee moves to curb personal criticisms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.