വൈദ്യുതി: ബാറ്ററി​, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കിയില്ല, പ്രതിസന്ധി രൂക്ഷം

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത് ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്), പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി (പി.എസ്.എച്ച്), കമ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് (സി-ബെസ്) സംവിധാനങ്ങൾ ഒരുക്കുന്നതിൽ കെ.എസ്.ഇ.ബിക്കുണ്ടായ വീഴ്ച. ഇവ ഒരുക്കുന്നതിൽ കാട്ടുന്ന അലംഭാവം പലതവണ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചൂണ്ടികാട്ടിയിട്ടും കെ.എസ്.ഇ.ബി കാര്യമായ നടപടികളെടുത്തില്ലെന്ന് ചൂണ്ടിക്കാണിക്കപെടുന്നു.

ഏപ്രിലിൽ ഉയർന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി അനുമതി തേടിയപ്പോഴാണ് ബെസ് പദ്ധതികളുടെ നിർമാണം വേഗത്തിലാക്കാത്തതിനെ റെഗുലേറ്ററി കമീഷൻ വിമർശിച്ചത്. ഡാമുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം പകൽ സമയത്തെ എക്സസ് വൈദ്യുതി ഉപയോഗിച്ച് തിരികെ ഡാമുകളിലേക്ക് പമ്പ് ചെയ്ത് വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി പദ്ധതിയിലും കെ.എസ്.ഇ.ബി താൽപര്യമെടുത്തിരുന്നില്ല.

ട്രാൻസ്ഫോർമറുകൾ കേന്ദ്രീകരിച്ച് ബാറ്ററികൾ സ്ഥാപിക്കുന്നതാണ് സി - ബെസ് പദ്ധതി. അതും നടപ്പായില്ല. സംസ്ഥാനത്ത് പകൽ സമയം 1000 മെഗാവാട്ടോളം വൈദ്യുതി മിച്ചമാണ്. രാത്രിയിൽ 900 മെഗാവാട്ടുവരെ കുറവും നേരിടുന്നു. ഇത് മറികടക്കാനാണ് ബെസ്, സി - ബെസ്, പി.എസ്.എച്ച് സംവിധാനങ്ങൾ വേണമെന്ന് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടികാട്ടുന്നത്. അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട പദ്ധതികൾ എന്തുകൊണ്ട് വൈകുന്നു എന്നാണ് റെഗുലേറ്ററി കമ്മീഷന്‍റെ ചോദ്യം.

കേരളത്തിൽ ആകെ 4,500 മെഗാവാട്ടിലധികം വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് സാധ്യതയുണ്ടെന്ന് എനർജി മാനേജ്മെന്‍റ് സെന്‍റർ (ഇ.എം.സി) കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായ 13 സ്ഥലങ്ങൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നടപ്പാക്കുന്നതിനെകുറിച്ച് പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ 10 വർഷം ഭരിച്ച പിണറായി സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയാണ് ബെസ്, പി.എസ്.എച്ച് പദ്ധതികൾ ഇപ്പോഴും നടപ്പാകാത്തതിന് പിന്നിലെന്ന വിമർശനം ശക്തമാണ്. അഞ്ച് കിലോവാട്ടിൽ കൂടുതൽ പുരപ്പുറ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഉപഭോക്താക്കൾ വീടുകളിൽ തന്നെ ഒരുക്കണമെന്ന നിബന്ധന കെ.എസ്.ഇ.ബി വച്ചിരുന്നുവെങ്കിലും അത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

സ്റ്റേ മാറ്റുന്നതിനുള്ള നടപടി കെ.സ്.ഇ.ബി സ്വീകരിച്ചിട്ടില്ല. പി.എസ്.എച്ച് പദ്ധതിക്കായി നാല് വർഷം മുമ്പ് സ്വകാര്യ കമ്പനികൾ സംസ്ഥാന സർക്കാറിനെയും കെ.എസ്.ഇ.ബിയെയും സമീപിച്ചിരുന്നു. അത് നിരസിച്ച കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നീക്കവും നടത്തിയില്ല. ആറിടത്ത് ബെസ് പദ്ധതി നടപ്പാക്കുന്നതിന് 2500 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് കെ.എസ്ഇ.ബി വൃത്തങ്ങൾ പറയുന്നു. നിർമാണ വേഗം കൂട്ടാൻ റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിട്ടും കെ.എസ്.ഇ.ബി കാര്യമായ നടപടിയെടുത്തില്ല.

Tags:    
News Summary - Electricity: Failure to set up battery and pumped-storage systems exacerbates the crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.