തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിലെ വിവാദപരാമര്‍ശത്തിൽ മലക്കം മറിഞ്ഞ് കേരള പബ്ലിക് സർവിസ് കമീഷൻ. നടപടി നേരിട്ട സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് മുൻ നിലപാടിൽ ഉറച്ചുനിൽക്കാനും ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും ചൊവ്വാഴ്ച ചേർന്ന പ്രത്യേക കമീഷൻ യോഗം തീരുമാനിച്ചു.
ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച് വന്ന വാർത്തകളെ സംക്ഷിപ്തമായും സത്യസന്ധമായും സ്വാഭാവികമായും ബുള്ളറ്റിനിലേക്ക് പകർത്തുകമാത്രമാണ് ചെയ്തതെന്നും ‘സമകാലികം’ പംക്തിയിൽ വരുന്ന വിവരങ്ങൾ പി.എസ്.സി പരീക്ഷാപരിശീലനത്തിന് വേണ്ടി നൽകുന്ന ചോദ്യോത്തരങ്ങളാണെന്ന നിഗമനം തെറ്റിദ്ധാരണജനകമാണെന്നും വാർത്താക്കുറിപ്പിൽ പി.എസ്.സി അറിയിച്ചു.
ഏപ്രിൽ 15ലെ ബുള്ളറ്റിനിലാണ് ‘രാജ്യത്തെ നിരവധി പൗരന്മാർക്ക് കോവിഡ് ബാധയേൽക്കാൻ കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി)’ എന്ന് പരാമർശിക്കുന്നത്. േകാവിഡ് കാലത്ത് മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിനായി സംഘ്പരിവാർ ശക്തികൾ ഉപയോഗിച്ച ആരോപണമാണ് പി.എസ്.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം ഏറ്റുപിടിച്ചത്.
സംഭവം വിവാദമായതോടെ തിങ്കളാഴ്ച ബുള്ളറ്റിൻ എഡിറ്ററും പി.എസ്.സി സെക്രട്ടറിയുമായ സാജു ജോർജ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പിഴവിന് നീതീകരണമില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇടത് അനുകൂല സംഘടനയായ പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ചൊവ്വാഴ്ച ചെയർമാനടക്കമുള്ളവർ വീണ്ടും യോഗം ചേർന്ന് നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചത്.
കാലഹരണപ്പെട്ട വാർത്തയെ ഇപ്പോൾ വിവാദമാക്കുന്ന പത്രങ്ങൾ ഏപ്രിൽ ആദ്യവാരം ഡൽഹി സമ്മേളനത്തെക്കുറിച്ച് നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വാർത്തക്കുറിപ്പിൽ പി.എസ്.സി അറിയിച്ചു. മേയ് ഒന്നിലെ ബുള്ളറ്റിനിൽ കോവിഡിെൻറ നാൾവഴികളിൽ സമ്മേളനത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നതിൽ നിന്നുതന്നെ പരാമർശം വാർത്താധിഷ്ഠിതമാണെന്നും അത് കമീഷെൻറ നിലപാടല്ലെന്നും പി.എസ്.സി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.