കസബ പൊലീസിന്‍റെ കള്ളക്കഥകളും കേസും കൊണ്ട് സമരപോരാളികളെ അപമാനിക്കാൻ സാധിക്കില്ല- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് റിമാന്‍റിലായ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കളെ കസബ സ്റ്റേഷനിലെ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തിൽ ക്രിമിനൽവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ സമാധാനപരമായാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ സമരം ചെയ്തത്. എന്നാൽ, മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ വളരെ ക്രൂരമായാണ് പൊലീസ് സമരത്തെ നേരിട്ടത്. ഉപരോധത്തിൽ അണിനിരന്ന നേതാക്കളെ ക്രൂരമായി മർദിച്ചാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

സ്‌റ്റേഷനിൽ എത്തിച്ചിട്ടും വളരെ മോശമായാണ് സമരപ്പോരാളികളോട് പെരുമാറിയത്. അവരെ സന്ദർശിക്കാനെത്തിയ സംസ്ഥാന നേതാക്കളടക്കമുള്ളവരോടും പൊലീസ് കയർത്ത് സംസാരിക്കുകയും സന്ദർശന വിലക്കുവരെ ഏർപ്പെടുത്തുകയും ചെയ്തു. പോലീസിനെ മർദിച്ചെന്ന കള്ള എഫ്.ഐ.ആർ ആണ് എഴുതിയുണ്ടാക്കിയത്. അറസ്റ്റിലായവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലും പരമാവധി വൈകിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ഒടുവിൽ സ്‌റ്റേഷനിലെത്തിയ ഫ്രറ്റേണിറ്റി നേതാക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച്ച രാത്രി 11 മണിക്ക് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് സന്നദ്ധമായത്.

ഇതിനെല്ലാം പുറമെയാണ് അറസ്റ്റ് വരിച്ച ഈ സമരപോരാളികളെ അപമാനിക്കാനായി കഴിഞ്ഞദിവസം കസബ പൊലീസ് പത്രങ്ങളിലൂടെ 'പോലീസിനെ മർദിച്ചവർ അറസ്റ്റിൽ' എന്ന തലക്കെട്ടിൽ ആളുകളുടെ ഫോട്ടോ സഹിതം വാർത്ത നൽകിയത്. അറസ്റ്റിലായ അന്ന് മുതൽ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ അവകാശ സമരത്തെയും അതിന് നേതൃത്വം നൽകിയവരെയും പൊലീസ് പൈശാചികവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, പോലീസിന്‍റെ കള്ളക്കഥകളും കേസും കൊണ്ട് സമരപോരാളികളെ അപമാനിക്കാൻ സാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

മലബാറിലെ 80,000-ത്തിലധികം വരുന്ന വിദ്യാർഥികൾക്ക് സർക്കാർ / എയ്ഡഡ് മേഖലയിൽ പ്ലസ് വണ്ണിന് സീറ്റില്ലാത്ത വിഷയത്തിൽ നീതി പുലരും വരെ ഫ്രറ്റേണിറ്റി പോരാട്ടം തുടരും. ആനുപാതിക സീറ്റ് വർധനവെന്ന പൊടിക്കൈ നടത്തി വിദ്യാർഥി സമരങ്ങളെ അടക്കിയിരുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ട. തെക്കൻ ജില്ലകളിൽ 40-ൽ താഴെ വിദ്യാർഥികൾ മാത്രം പ്ലസ് വൺ ക്ലാസുകളിൽ ഇരുന്ന് പഠിക്കുമ്പോൾ മലബാറിൽ 65 കുട്ടികൾ വരെ ഇരിക്കേണ്ടി വരുന്ന അനീതി അംഗീകരിക്കാൻ കഴിയില്ല.

സമരം ചെയ്തവരെ കൊടും ക്രിമിനലുകളെ പോലെ ചിത്രീകരിച്ച് സ്റ്റേഷനകത്തുനിന്നെടുത്ത ചിത്രമുൾപ്പെടെ നൽകിയാണ് ചൊവ്വാഴ്ച ഉച്ചക്ക് 2.44-ന് 'മീഡിയ സെൽ കോഴിക്കോട് സിറ്റി' എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ കസബ പൊലീസ് മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകുന്നത്. ഒരു വിദ്യാർഥി സമരത്തെ വളരെ മോശമായി കൈകാര്യം ചെയ്ത ശേഷം സമരപ്പോരാളികളെ അപമാനിക്കാനായി പൊലീസ് നൽകിയ റിപ്പോർട്ട് പല മാധ്യമങ്ങളും അന്വേഷിക്കുക പോലും ചെയ്യാതെ ആളുകളുടെ ഫോട്ടോയടക്കം വെച്ച് അതേപടി നൽകുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കസബ സ്റ്റേഷനിലെ സി.ഐയും എസ്.ഐയും രാഷ്ട്രീയ ദുഷ്‌ടലാക്കോടെയാണ് പെരുമാറുന്നത്. ഫ്രറ്റേണിറ്റിയുടെ സമരപോരാളികളോട് ഇരുവരും രാഷ്ട്രീയ വൈരാഗ്യം കാട്ടുകയാണ്. ഈ രീതിയിൽ പെരുമാറുന്ന ഇരുവർക്കുമെതിരെ സർക്കാർ നടപടിയെടുക്കണം.

തിങ്കളാഴ്ച് നടത്തിയ ഡി.ഡി.ഇ ഓഫീസ് ഉപരോധത്തെ തുടർന്ന് അറസ്റ്റിലായ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, കോഴിക്കോട് ജില്ല പ്രസിഡന്‍റ് മുജാഹിദ് മേപ്പയൂർ, ജനറൽ സെക്രട്ടറിമാരായ റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, സെക്രട്ടറി മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവരാണ് നാല് ദിവസമായി റിമാന്‍റിൽ കഴിയുന്നത്.

വാർത്താസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ എൻ.കെ, സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ, കോഴിക്കോട് ജില്ല സെക്രട്ടറി നാസിം പൈങ്ങോട്ടായി, ജില്ല കമ്മിറ്റിയംഗം സൽവ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Protesters Cannot Be Disgraced by the Fabricated Stories and Cases of Kasaba Police: Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.