കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സി.പി.എം-മുസ്ലിം ലീഗ് പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ വി.സിക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം-ലീഗ് പ്രതിനിധികളുടെ വാക്പോര്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഏകാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് സി.പി.എം അംഗം അഡ്വ. എം.ബി. ഫൈസല്‍ രംഗത്തുവന്നതോടെ യോഗം ബഹളത്തില്‍ മുങ്ങി. സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്ക്കുന്നില്ലെന്നും സിന്‍ഡിക്കേറ്റിന്റെ അംഗീകാരമില്ലാതെ രജിസ്ട്രാറെ നിയമിച്ചതിനെ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
ഇതിനെതിരെ മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് രംഗത്തുവന്നു. മുന്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സെനറ്റിലും സിന്‍ഡിക്കേറ്റിലും ഇടപെട്ട് സംസാരിക്കാന്‍ ധാര്‍മികമായ അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികളായി സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗങ്ങളായിരിക്കുന്ന ആറ് സി.പി.എം അംഗങ്ങള്‍ സര്‍വകലാശാല ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ശക്തമായി. ചില സമയത്തേക്ക് യോഗനടപടികള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും പിന്നീട് യോഗം സാധാരണ നിലയിലേക്കെത്തുകയായിരുന്നു.
അതേസമയം, സെനറ്റ് യോഗം പ്രധാന അജണ്ടകള്‍ക്ക് അംഗീകാരം നല്കി. 57,621 വിദ്യാര്‍ഥികള്‍ക്ക് ബിരുദം നൽകുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ചു. ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസി. പ്രഫസര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിനും അംഗീകാരം നല്കി. വിവിധ അക്കാദമിക് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട 12ഓളം റെഗുലേഷനുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സെനറ്റ് പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.