ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വനിത സംരംഭകത്വ സമ്മിറ്റ് കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സംരംഭകത്വം കേവലം സാമ്പത്തിക ഉന്നമനം എന്നതിനപ്പുറം, ഇസ്ലാമോഫോബിയ കാലത്ത് കൃത്യമായ സാമൂഹിക പ്രതിനിധാനം കൂടിയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ജമാഅത്ത് വനിത വിഭാഗം സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വനിത സംരംഭകത്വ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാർമികത ഉൾച്ചേർന്ന സാമ്പത്തിക സംസ്കാരത്തിന്റെ സ്വയം മാതൃകകളായി വനിത സംരംഭകർ മുന്നോട്ട് വരണം. സ്ത്രീ സൗഹൃദ തൊഴിലിടങ്ങളും പൊതു അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടാലേ ഉന്നമനം സാധ്യമാവൂ എന്നും വനിത സംഘടനകൾ അതിന് നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മിറ്റിന്റെ ഭാഗമായി ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക ബദലുകൾ മുൻനിർത്തി പാനൽ ചർച്ച, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ്, വുമൺ ഐഡന്റിറ്റി ആൻഡ് ലീഡർഷിപ് ബാലൻസിങ്, ബിസിനസ് ഡിസൈൻ തിങ്കിങ്, സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം, ക്രൈസിസ് മാനേജ്മെന്റ് ആൻഡ് ബിസിനസ് ഗ്രോത്ത്, എത്തിക്കൽ ബിസിനസ് തുടങ്ങി വിവിധ സെഷനുകൾ നടന്നു. പ്രമുഖ വനിത സംരംഭകർ പങ്കെടുത്ത പാനൽചർച്ചയുമുണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി. സാജിത അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിലായി സമീർ കാളികാവ്, ഷമീൽ സജ്ജാദ്, ഡോ. കെ.കെ. നസ്രീന, പി.വി. റഹ്മാബി, ആബിദ റഷീദ്, ഡോ. ആയിഷ റൂബി, കെ.കെ. മുംതാസ്, ഷംല ഇസ്മായിൽ, പി. റുക്സാന, ആയിഷ സമീഹ, രിഫത്ത് റഹ്മാൻ, അഫീദ അഹ്മദ്, ഡോ. വി.എം. നിഷാദ്, ഡോ. മുഹമ്മദ് ഷാഫി, ഒ.കെ. ഫാരിസ്, റുക്സാന മൂസ, എം.എ. സാഹിറ, കെ.ടി. നസീമ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ അൽ ജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി റജീന ബീഗം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.