തിരുവനന്തപുരം: ബജറ്റിൽ വമ്പൻ പദ്ധതികൾ അവതരിപ്പിച്ചെങ്കിലും ഒന്നിനും പണം നീക്കിവെക്കാത്തതിനാൽ പ്രഖ്യാപനങ്ങൾ കല്ലിലും കടലാസിലും മാത്രമായി അവസാനിക്കുന്ന സ്ഥിതിയായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണമാണ് യു.ഡി.എഫ് സർക്കാറിന്റെ ഒന്നാം ബജറ്റ്. ബജറ്റിലെ പദ്ധതികൾക്ക് എവിടെനിന്നാണ് പണമെന്ന് ചോദിച്ചപ്പോൾ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ കോർപറേറ്റുകൾക്ക് ഭൂമി നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ആകാശവും ഭൂമിയും കടലുമെല്ലാം വിൽക്കാനാണ് നീക്കം. ചാർട്ടേഡ് വിമാനത്തിൽ വി.ഡി. സതീശൻ മംഗളൂരുവിൽ പോയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ക്ഷേമപ്രവർത്തനങ്ങളെല്ലാം ഏതാണ്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ക്ഷേമപെൻഷൻ വർധന ഒന്നാം ബജറ്റിലുണ്ടാകുമെന്നാണ് പ്രതിപക്ഷത്തായിരുന്നപ്പോൾ സതീശൻ പറഞ്ഞത്. ലൈഫ് പദ്ധതിയെക്കുറിച്ചും പരാമർശമില്ല. വയോജന വകുപ്പ് പ്രഖ്യാപിച്ചെങ്കിലും തുക നീക്കിവെച്ചിട്ടില്ല. ആരോഗ്യ മേഖലയിൽ 1000 കോടി രൂപയുടെ കുറവാണ് വരുത്തിയത്.
ഇന്ധനവില കൂടുമ്പോൾ അധിക നികുതി വരുമാനം സർക്കാർ വേണ്ടെന്നുവെക്കണമെന്ന് പറഞ്ഞവർ അതേക്കുറിച്ചും മിണ്ടുന്നില്ല. ജെൻ-സി എന്ന പേരല്ലാതെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ബജറ്റിലില്ല. ഫലത്തിൽ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളിലെല്ലാം യു.ഡി.എഫ് യൂടേൺ അടിക്കുകയാണ്-എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.