1. കൊല്ലപ്പെട്ട പോൾ, 2. പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം 

പുൽപ്പള്ളിയിൽ പോളിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കൽപറ്റ: ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നാട്ടുകാരുടെ പ്രതിഷേധം. പുൽപ്പള്ളി ടൗണിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികളും വൈദികരും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. പുൽപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധക്കാർ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞ് ടയറിന്‍റെ കാറ്റഴിച്ചുവിട്ടു. ജീപ്പിന് മുകളിൽ റീത്ത് വെക്കുകയും ഷീറ്റ് വലിച്ചുകീറുകയും ചെയ്തു. പോളിന്‍റെ വീടിന് സമീപം നാട്ടുകാരും പ്രതിഷേധിക്കാൻ ഒരുങ്ങിനിൽക്കുകയാണ്. 

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  



 


17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ മൂന്നു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

Tags:    
News Summary - Protest in Pulpally town over elephant attck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.