വയനാട് ഡി.സി.സിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന പ്രതിഷേധം 

രാഹുലിനെതിരായ നടപടി; വയനാട്ടിലെങ്ങും വ്യാപക പ്രതിഷേധം

കൽപറ്റ: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിൽ വ്യാപക പ്രതിഷേധം. ഡി.സി.സി നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.പി. ആലി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികളിലാണ്. അസാധാരണ നടപടിയിലൂടെ വയനാട്ടുകാർക്ക് എം.പി ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ട നേതാവിനെതിരെയുള്ള നീക്കത്തിൽ ചുരത്തിന് മുകളിലും വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേഖലകളിലും വ്യാപക പ്രതിഷേധമാണുയരുന്നത്.

ഇന്ത്യയുടെ ഭാവി ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കൽപ്പറ്റയിലെ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഈ അയോഗ്യത നിങ്ങളുടെ ഭയത്തിൽ നിന്ന് തന്നെയാണ്. ഞങ്ങൾ നേരായ വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നു. സത്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ, ഗാന്ധിയുടെ വഴിയിലൂടെ രാഹുൽ ഗാന്ധി എന്ന മതേതര ജനാധിപത്യ മുഖം കൂടുതൽ തിളങ്ങുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു. 


സുൽത്താൻ ബത്തേരിയിൽ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ പ്രകടനം 

മാനന്തവാടിയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്യാനുള്ള പൊലീസ് നടപടി പ്രവർത്തകരുമായുള്ള വാക്കേറ്റത്തിനിടയാക്കി.  


രാഹുൽ ഗാന്ധിയുമായി ഏറെ വിയോജിപ്പുണ്ടെങ്കിലും ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എം.പിയെ ഇത്തരത്തിൽ മറ്റ് മാർഗങ്ങളിലൂടെ അയോഗ്യനാക്കുന്നത് ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമാണെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു.


മുക്കത്ത് എടവണ്ണ - കൊയിലാണ്ടി സംസ്‌ഥാനപാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ 


അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ സാധിക്കില്ല. അതേസമയം, ലോക്സഭാംഗത്വം റദ്ദാക്കിയതിൽ ദേശീയതലത്തിൽ ശക്തമായ പ്രതിഷേധമുയരുകയാണ്. 

അപകീർത്തിക്കേസിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റാണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. കോടതി വിധി പുറപ്പെടുവിച്ച മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 

 


Tags:    
News Summary - Protest all over wayanad against rahul gandhis disqualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.