എം.എം. മണിക്കെതിരായ പ്രതിഷേധം മനുഷ്യത്വ വിരുദ്ധവും ഹീനവും -ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം: ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എം.എം. മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡി.വൈ.എഫ്‌.ഐ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്‌തത്. വ്യക്തികളുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തില്‍ വലിയ കുറ്റകൃത്യമാണെന്നും ഇത്തരം ചെയ്‌തികള്‍ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണെന്നും വസീഫ് വ്യക്തമാക്കി.

പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരണം. ഈ അധിക്ഷേപത്തെ ന്യായീകരിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി പറഞ്ഞത് ' എം.എം. മണി ചിമ്പാന്‍സിയുടെ പോലെ തന്നെയല്ലേ, അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോണ്‍ഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്'. മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ സുധാകരന്‍ മഹിളാ കോണ്‍ഗ്രസുകാരെ ന്യായീകരിച്ച് അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചര്‍ച്ച ചെയ്യപ്പെടണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ സുധാകരനെ തിരുത്താന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോണ്‍ഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം. മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

Tags:    
News Summary - Protest against MM Mani is inhumane and heinous -DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.