നഗരസഭ, കോർപറേഷനുകളിൽ സ്വകാര്യ മൂലധനം കൂട്ടാൻ നിർദേശം

തിരുവനന്തപുരം: സേവന-ഉൽപാദന മേഖലകളിൽ പൊതു മൂലധനത്തിനൊപ്പം സ്വകാര്യ മൂലധന നിക്ഷേപം പരമാവധി വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ മുൻസിപ്പാലിറ്റികളോടും കോർപറേഷനുകളോടും സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ 14ാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയാറാക്കാനുള്ള മാർഗരേഖയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേതാണ് ഈ നിർദേശം.

ഭാവി കേരളത്തിലെ നഗര ജനസംഖ്യ വർധന കണക്കാക്കി നഗരങ്ങളെയും അതിനോട് ചേർന്ന പ്രദേശങ്ങളെയും പരിഗണിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്ന വിധത്തിൽ വിവിധ ഉൽപാദന-സേവന മേഖലകളുടെ വളർച്ച ഉറപ്പാക്കുകയാണ് സവിശേഷ വികസന ലക്ഷ്യമായി വകുപ്പ് കാണുന്നത്. ചെറുകിട-പരമ്പരാഗത വ്യവസായങ്ങൾ, ടൂറിസം, ഊർജം, ഗതാഗതം, മറ്റ് സേവനങ്ങൾ എന്നീ മേഖലകളിൽ വർധിച്ച വളർച്ച ഉറപ്പാക്കുന്നതി‍െൻറ ഭാഗമായാണ് സ്വകാര്യ മൂലധന നിക്ഷേപം വേണമെന്ന് നിർദേശിക്കുന്നത്. ഈ മേഖലകളിലെ പൊതു- സ്വകാര്യ മൂലധന നിക്ഷേപം പരമാവധി വർധിപ്പിക്കണം. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക വിഭവങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണം. ഇൗ മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്താൻ നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം.

കൂടാതെ, വിവിധ വികസന മേഖലകളിലെ മൂലധന നിക്ഷേപം വർധിപ്പിക്കാനും സംരംഭകത്വ വികസനത്തിനും പ്രോത്സാഹനം നൽകാൻ ആവശ്യമായ ഭരണപരമായ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ആവിഷ്കരിക്കണമെന്നും നിർദേശിക്കുന്നു. വർധിച്ചുവരുന്ന നഗരവത്കരണ സാധ്യത മുന്നിൽ കണ്ട് ആധുനിക പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പരിപാടികളും, ശുചിത്വ പരിപാടികളും ആസൂത്രണം ചെയ്യണം. എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രധാന നടപടിയായി നിഷ്കർഷിക്കുന്നത്. ഇതിന് ആവശ്യമുള്ള സൗകര്യങ്ങൾ സ്ഥാപിക്കാനും തൊഴിൽ പരിശീലനം നൽകാനും സാങ്കേതിക സഹായം ഉറപ്പാക്കാനും നഗരസഭകൾ സൗകര്യമൊരുക്കണം. കോവിഡിനെ തുടർന്നുള്ള സാഹചര്യം മുൻനിർത്തി വിദൂര തൊഴിലുകൾ ഡിജിറ്റലായി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും അത്തരം തൊഴിലുകൾ കരസ്ഥമാക്കാൻ 'വർക്ക് നിയർ ഹോം' പോലുള്ള സാധ്യതകൾ ഉപയോഗിക്കാനായി അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശിക്കുന്നു.

Tags:    
News Summary - Proposal to increase private capital in municipalities and corporations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.