നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികളാണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്കാണ് ഇന്ന് ആരംഭം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ എത്തിയിതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക - വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്‌ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് -മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ പോലെ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ നിന്നുമുള്ള മാതൃകാപരമായ ഒരു പദ്ധതിയാണ് കൊച്ചി ജല മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്‍. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ എഫ് ഡബ്ള്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവിലാണ് കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Tags:    
News Summary - projects that will boost the development of the country have been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.