കോഴിക്കോട്: മാലിന്യ പ്രശ്നത്തെ തുടർന്ന് സമരവും സംഘർഷവുമുണ്ടായ കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. പ്ലാന്‍റിന്‍റെ 300 മീറ്റർ പരിസരത്ത് പൂർണമായും നിരോധനാജ്ഞ ഏർപ്പെടുത്തി. പ്ലാന്‍റിലേക്കുള്ള റോഡിൽ ആളുകൾ കൂട്ടംകൂടി നിന്നാലും നടപടി സ്വീകരിക്കും. അമ്പായത്തോട് ജങ്ഷനിലും നൂറുമീറ്റർ പരിധിയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പ്ലാന്‍റ് തുറന്നുപ്രവർത്തിക്കാനുള്ള അനുമതി ഇന്നലെ ജില്ല ഭരണകൂടം നൽകിയിരുന്നു. സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് സംരക്ഷണം ലഭിച്ചാലേ പ്ലാന്‍റ് തുറക്കൂ എന്ന് ഉടമകൾ വ്യക്തമാക്കി. ഇതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സമരവുമായി പ്ലാന്‍റിലേക്ക് എത്തിയാൽ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്‍റെ തീരുമാനം.
പ്ലാന്റിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.എൽ.എഫ്.എം.സി) ഉപാധികളോടെയാണ് അനുമതി നൽകിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന് പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നൽകിയത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറക്കും. ദുര്‍ഗന്ധം കുറക്കുന്നതിനായി വൈകീട്ട് ആറു മണി മുതല്‍ രാത്രി 12 വരെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്‍റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവെക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്കരിക്കുകയും ചെയ്യണം. പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
സംസ്കരണ കേന്ദ്രത്തിലെ മലിനജല സംസ്കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇ.ടി.പിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എൻ.ഐ.ടിയില്‍ പരിശോധന നടത്തും. ദുര്‍ഗന്ധം പരമാവധി കുറക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആൻഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (എൻ.ഐ.ഐ.എസസ്.ടി) സഹായത്തോടെ പഠനം നടത്തുകയും അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
ഫാക്ടറി അടച്ചുപൂട്ടുന്നതുവരെ ജനങ്ങൾ സമരരംഗത്ത് ഉണ്ടാവുമെന്നും ബന്ധപ്പെട്ട അധികൃതരെല്ലാം ഫ്രഷ് കട്ട് മുതലാളിമാരോടൊപ്പമാണെന്നതിന്റെ തെളിവാണ് പ്ലാന്റ് തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനമെന്നും സമര സഹായ സമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.