പ്രഫ. ഷൈജ ആണ്ടവൻ
ചാത്തമംഗലം : ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോദ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ വിദ്യാർഥികൾക്കും അധ്യാപകർക്കും ഡയറക്ടർ, രജിസ്ട്രാർ തുടങ്ങിയവർക്കും അയച്ച ഇ-മെയിൽ സന്ദേശമാണ് വിവാദമായത്. ‘‘സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമത്തിൽ തെറിവിളിക്കുന്നത് നോക്കിനിന്ന എൻ.ഐ.ടിയിലെ വിദ്യാർഥികളുടെ കൈയും കാലും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം’’ എന്ന സന്ദേശം ഫോർവേഡ് ചെയ്തുള്ള ഇ-മെയിലിന് എതിരെയാണ് പരാതി. അജിൻ എന്ന പൂർവ വിദ്യാർഥിയുടേതാണ് സന്ദേശം.
ഷൈജ ആണ്ടവന്റെ ക്ലാസുകളെ പുകഴ്ത്തുന്ന പൂർവ വിദ്യാർഥിയുടെ സന്ദേശത്തിൽ അവർ ക്ലാസിൽ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സ്വകാര്യ ജീവിതത്തിൽ അവരുടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നു. തനിക്ക് പിന്തുണ അർപ്പിച്ചുള്ള സന്ദേശത്തിന് പൂർവ വിദ്യാർഥിക്കുള്ള പ്രഫസറുടെ മറുപടിയും ഇ-മെയിലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തന്റെ ജോലി പൂർണ ഉത്തരവാദിത്തത്തോടെയും രാഷ്ട്രീയ വേർതിരിവില്ലാതെയും നിർവഹിക്കുമെന്ന് തുടങ്ങുന്ന മറുപടിയിൽ, അധ്യാപകരെ അനാദരിക്കുകയും ഭീഷണിപ്പെടുത്തുകയും രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുകയും ചെയ്ത സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
ഇക്കാര്യത്തിൽ സ്ഥാപനത്തിലെ അധ്യാപകരെയടക്കം വിമർശിക്കുന്ന പ്രഫസറുടെ സന്ദേശത്തിൽ പൂർവ വിദ്യാർഥിയെ അഭിനന്ദിക്കുന്നുമുണ്ട്. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അധ്യാപകർക്കും സ്ഥാപന മേധാവികൾക്കുമെതിരെ പ്രതികരിക്കുന്ന എൻ.ഐ.ടി വിദ്യാർഥികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് സന്ദേശമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇ-മെയിൽ സന്ദേശത്തിനെതിരെ പൊതുപ്രവർത്തകൻ ഷെരീഫ് മലയമ്മ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.