തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം സി.പി.എം-ബി.ജെ.പി ഡീൽ വിവാദത്തിൽ ചുറ്റിത്തിരിയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ സംവാദത്തിന് കളമൊരുങ്ങുമോ? തിങ്കളാഴ്ച രാഷ്ട്രീയ കേരളത്തിൽ മുഴങ്ങിയ ചോദ്യമിതാണ്. മുഖ്യമന്ത്രിയെ ഞായറാഴ്ച സതീശൻ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. മറുപടിയായി, വികസനത്തിൽ സംവാദത്തിനുണ്ടോ എന്ന ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രംഗത്തുവന്നു.
‘‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ’’ എന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രി, സർക്കാറിന്റെ 37 നേട്ടങ്ങൾ പറയുന്ന കാർഡുകൾ ഷെയർ ചെയ്തത്. പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരും ഇത് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയാണെങ്കിൽ നമുക്ക് നോക്കാം എന്ന രീതിയിൽ കൊല്ലത്ത് നടത്തിയ വാർത്തസമ്മേളനത്തിലും സംവാദസാധ്യത മുഖ്യമന്ത്രി തള്ളിയില്ല. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി പോസ്റ്റ് വന്നു. ‘‘സംവാദത്തിന് തയാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’’ എന്നായിരുന്നു സതീശന്റെ മറുപടി. പറവൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം സതീശൻ ആവർത്തിച്ചു.
സംവാദത്തിന് ഭരണ, പ്രതിപക്ഷ നേതാക്കൾ ഒരുക്കമെന്ന് അറിയിച്ചതോടെ തെരഞ്ഞെടുപ്പിന് മുമ്പ് അത് നടക്കുമോ എന്ന ആകാംക്ഷയിലേക്ക് കൂടി പ്രചാരണരംഗം മാറി. സംവാദത്തിന് എവിടെ വരാനും തയാറെന്ന് സതീശൻ വ്യക്തമാക്കിയതോടെ നിലപാട് തീയതിയും വേദിയും വ്യക്തമാക്കിയുള്ള മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. അത്തരമൊരു സംവാദത്തിന് വേദി തുറന്നാൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.