തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലായതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വാർത്തസമ്മേളനം നടത്തുമെന്ന് സി.പി.എം. ഇത്തവണ തുടർഭരണത്തിനായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എം.വി. ഗോവിന്ദൻ തിരക്കായതിനാലാണ് പകരം ചുമതല നൽകിയതെന്നാണ് പാർട്ടി വിശദീകരണം. ജില്ലകളിലെ പര്യടനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്നതിനാലാണ് സംസ്ഥാന സെക്രട്ടറിയുടെ വാർത്തസമ്മേളനങ്ങളില്ലാത്തതെന്ന് പറയുന്നു.
എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സ്ഥാനാർഥിത്വം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാർത്തസമ്മേളനം നടത്തേണ്ട എന്ന് തീരുമാനിച്ചതെന്നാണ് സൂചന. ശ്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇനി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണ് സി.പി.എമ്മിന്റെ നിലപാട്.
വാർത്തസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ വാചകങ്ങളും നിലപാടുകളും സംബന്ധിച്ച് പാർട്ടിയിൽനിന്ന് തന്നെ വിമർശനം വന്നിട്ടുണ്ട്. അതിനാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി പറയാൻ സാധിക്കുന്ന ഒരാളായിരിക്കണം വാർത്തസമ്മേളനം നടത്തേണ്ടത് എന്ന് തീരുമാനിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം എം. സ്വരാജ് വാർത്തസമ്മേളനം നടത്തിയിരുന്നു. അവസാനം 'എന്നാൽ നമ്മുക്ക് ഇടക്കിടെ കാണാം' എന്ന് പറഞ്ഞാണ് സ്വരാജ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.