കോഴിക്കോട്: എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽനിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. പുതിയ നിയമ ഭേദഗതി വ്യത്യസ്ത മതന്യൂനപക്ഷങ്ങൾ, എൻ.ജി.ഒകൾ, സന്നദ്ധ സംഘടനകൾ മുതലായവർക്ക് വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലും അവരുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കകൾ സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിൽ പറയുന്നത്.
ബോധപൂർവമായ ഭരണകൂട ഇടപെടലുകളിലൂടെ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനും അതിലൂടെ സ്ഥാപനത്തിന്റെ ആസ്തികളും ലഭിച്ചുകൊണ്ടിരിക്കുന്ന വിദേശ സംഭാവനകളും സർക്കാർ അധീനതയിലുള്ള അതോറിറ്റിയിലേക്ക് വഴിതിരിച്ചുവിടാനും പുതിയ കരട് ബില്ലിലെ വ്യവസ്ഥകൊണ്ട് സാധിക്കുമെന്നത് ഗൗരവതരമാണ്.
ഭരണകൂടത്തിന് പരിധിവിട്ട അധികാരം നൽകുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭീകരനിയമങ്ങളുടെ തന്നെ തുടർച്ചയാണ്. ഭരണഘടനാവകാശങ്ങളെ നിരാകരിക്കുന്ന ഈ കിരാത നിയമഭേദഗതി നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അമീർ പറഞ്ഞു.
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയിൽ കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭ. എഫ്.സി.ആര്.എ ഭേദഗതി ആശങ്കാജനകമായതിനാൽ സഭകളുടെ പ്രവർത്തനം തകിടം മറിക്കുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമ ഭേദഗതി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബാധിക്കുമെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മാധ്യമങ്ങളോടു പറഞ്ഞു.
ന്യൂനപക്ഷത്തെയാണ് കൂടുതലായി ബാധിക്കുക. രാജ്യത്തെ നിയമം പാലിച്ചാണ് ക്രൈസ്തവ സഭയുടെ എല്ലാ പ്രവർത്തനവും. എഫ്.സി.ആര്.എ നിയമ ഭേദഗതി സഭയെ വീർപ്പുമുട്ടിക്കും. സഭകൾ നടത്തുന്ന സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാമക്കള്‍ നല്കുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാർ, ബി.ജെ.പി സമീപനത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് കാതോലിക്ക ബാവ ആശങ്ക പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ഇരട്ടത്താപ്പുണ്ടോയെന്ന് സംശയിക്കുന്നു. മിഷൻ പ്രവർത്തനങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്. ഓർത്തഡോക്സ് സഭയുടെ മൂന്ന് അക്കൗണ്ട് കാരണം പറയാതെ ബ്ലോക്ക് ചെയ്തു. ഇതിന്റെ രേഖകളടക്കം രാജീവ് ചന്ദ്രശേഖറിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.