മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി -എം.കെ. രാഘവൻ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയിൽവെ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും നേരിൽ കണ്ടു. വൈകീട്ടും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിവെ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചു.

മെമു സർവീസുകൾ അനുവദിക്കപ്പെടുന്നതിലുൾപ്പെടെ പാലക്കാട് ഡിവിഷൻ നേരിടുന്ന വിവേചനം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കാൻസൽ ചെയ്ത ട്രെയിനുകൾ പുനഃസ്ഥാപിക്കൽ, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേ മെട്രോ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി തുടങ്ങിയ സർവീസുകളിൽ അനുഭവപ്പെടുന്ന അഭൂതപൂർവമായ തിരക്കിന് പരിഹാര നിർദേശം മുന്നോട്ട് വെച്ചു. ബംഗളൂരർ- കണ്ണൂർ എക്സ്പ്രസ് സർവീസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷധവും അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയെയും റെയിൽവെ ബോർഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടർന്നാണ് സർവീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഉത്തരവ് അടിയന്തിരമയി നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ട്രെയിൻ നീട്ടിക്കഴിഞ്ഞാൽ അത് ബംഗളൂരു യത്രക്കാർക്കും വൈകീട്ട് നാലു മണിക്ക് ശേഷമുള്ള ഹ്രസ്വദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.

ഗോവ- മംഗലാപുരം റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും, ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും സാധ്യമല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളം വരെ സർവീസ് നടത്തുന്ന 12677/78 സർവീസിന് ബദലായി പുതിയ വന്ദേ ഭാരത് സർവ്വീസ് ആരംഭിക്കുന്നുവെന്ന് വാർത്തകൾ വന്നിട്ടുണ്ടെന്നും ഇത്തരമൊരു തീരുമാനം നടപ്പാക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ടെങ്കിൽ 12677/78 സർവീസിന്റെ റേക്കുകൾ പാലക്കാട് ഡിവിഷനു നൽകി ബാംഗ്ളൂരിൽ നിന്നും കോഴിക്കോടെക്ക് പുതിയ സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യവും മന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി അറിയിച്ചു.

Tags:    
News Summary - Problems of train passengers in Malabar have been brought to the attention of the Centre -M K Raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.