തിരുവനന്തപുരം: പ്രിയദർശിനി സർവിസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ നടപടിക്ക് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവിസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആക്രമണങ്ങളും സർവിസ് തടസ്സപ്പെടുത്തുന്ന ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. സർവിസ് തടസ്സപ്പെടുത്തുന്ന സംഭവങ്ങൾക്ക് എതിരെ വിട്ടുവീഴ്ചയില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തിരുന്നു. വിവരം വൈക്കം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 24ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം-പത്തനംതിട്ട സർവിസിനിടെ ഭരണിക്കാവിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചിരുന്നു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.
പൊതുഗതാഗതത്തെ തടസ്സപ്പെടുത്തുകയോ വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കെ.എസ്.ആർ.ടി.സി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.