ബ്രഹ്മപുരം അഴിമതി: ഒന്നാംപ്രതിയെ ഒഴിവാക്കാനുള്ള നീക്കം കോടതി തള്ളി
തിരുവനന്തപുരം: രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെ.എസ്.ഇ.ബി മുൻ ചെയർമാനുമായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ആർ. നാരായണനെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാറിന്റെയും പ്രോസിക്യൂഷന്റെയും അപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. ഹരജിയിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കിയ കോടതി, അഴിമതിക്കേസ് പ്രതിയെ സംരക്ഷിക്കാനാണ് സർക്കാറും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്ന് രൂക്ഷമായി വിമർശിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 360 പ്രകാരമാണ് പബ്ലിക് പ്രോസിക്യൂട്ടർ മുഖേന സർക്കാർ അപേക്ഷ നൽകിയിരുന്നത്. ഒന്നാം പ്രതിക്ക് 87 വയസായെന്നും 27 വർഷമായി വിചാരണ നേരിടുകയാണെന്നും എൽ.ഡി.എഫ്-യു.ഡി.എഫ്. സർക്കാറുകൾ അനുമതി നൽകിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം കോടതി തള്ളി.
ഏത് അടിസ്ഥാനത്തിലാണ് ഈ അപേക്ഷ ഫയൽ ചെയ്തതെന്ന് പ്രോസിക്യൂട്ടർ വിശദീകരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികളുടെയോ കേസ് രേഖകളുടെയോ അടിസ്ഥാനത്തിലല്ല, പൊതുവായ അഭിപ്രായം മാത്രമാണ് പ്രോസിക്യൂട്ടർ രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ വിചാരണ നടത്താൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ഹൈകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെയും ഭരണഘടനാ കോടതിയുടെ നിർദേശങ്ങളെയും അവഗണിച്ച് പ്രോസിക്യൂഷൻ പ്രവർത്തിച്ചത് നിർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാൻ ഹരജി നൽകിയത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഇത് നിയമവാഴ്ചക്ക് വിരുദ്ധവുമാണ്.
കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പ്രോസിക്യൂഷൻ പിൻവലിക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. വിചാരണ വൈകുന്നതിന്റെ പേരിൽ പ്രതി നടപടികളുടെ ആഘാതം സഹിക്കേണ്ടി വരരുത് എന്ന വാദം വിചിത്രമാണ്. രാജ്യം ഒന്നടങ്കം അഴിമതിക്കെതിരെ പോരാടുമ്പോൾ, വ്യാജ കാരണങ്ങൾ നിരത്തി പ്രതിക്ക് വേണ്ടി സർക്കാറും പ്രോസിക്യൂഷനും പോരാടുന്നത് നീതിയുടെ താല്പര്യം സംരക്ഷിക്കാനോ പൊതുതാൽപര്യത്തിനോ അല്ല.
ബ്രഹ്മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കോടികളുടെ അഴിമതി നടന്നെന്നാണ് വിജിലൻസ് കേസ്. മുൻ വൈദ്യുതിമന്ത്രി സി.വി പത്മരാജൻ, കെ.എസ്.ഇ.ബി. മുൻ ചെയർമാൻ ആർ. നാരായണൻ, വൈ.ആർ മൂർത്തി, മുൻ ചീഫ് എൻജിനീയർ സി.ജെ ബർട്രാം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ ഏജന്റ് ദേബാശിഷ് മജുംദാർ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.