ഇ​ന്ന്​ ലോ​ക ഹൃ​ദ​യ​ദി​നം; പതിറ്റാണ്ട് പിന്നിട്ട് ഹൃദയം മാറ്റിവെച്ചവരുടെ കൂട്ടായ്മ

കൊച്ചി: കടം കൊണ്ട ഹൃദയവുമായി ജീവിതത്തിന്‍റെ വർണങ്ങൾ തിരിച്ചുപിടിച്ച് വെല്ലുവിളികളെ ധൈര്യപൂർവം നേരിട്ടവരുടെ കൂട്ടായ്മയുടെ കഥയാണിത്. സ്വന്തം ശരീരത്തിൽ മറ്റൊരാളുടെ ഹൃദയത്തുടിപ്പുകളുമായി ജീവിക്കുന്നവരുടെ വാട്സാപ്പ് കൂട്ടായ്മയായ ‘ബ്രേവ് ഹാർട്ട്സ് ഓഫ് കേരള’ പത്ത് വർഷം പിന്നിടുകയാണ്. കൈവിട്ട് പോകുമായിരുന്ന ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിനിടയിലും ഹൃദയം നനയുന്ന സങ്കടങ്ങളും ഇവർക്കുണ്ട്. അത്തരം സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കുന്ന ഇടം കൂടിയാണ് ‘ബ്രേവ് ഹാർട്ട്സ് ഓഫ് കേരള’ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള, ഹൃദയം മാറ്റിവെച്ച വിദ്യാർഥികളും വീട്ടമ്മമാരുമടക്കം 34 പേരാണ് കൂട്ടായ്മയിലുള്ളത്.

അഞ്ചുപേർ ഇതിനകം മരണപ്പെട്ടു. കുട്ടായ്മയിൽ സജീവമാകാൻ കഴിയാത്ത ചിലരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് തവണ ഹൃദയം മാറ്റിവെച്ച പാലക്കാട് ഒലവക്കോട് സ്വദേശിയും ഐ.ടി പ്രഫഷനലുമായ ഗിരീഷ് കുമാറാണ് ഗ്രൂപ്പ് അഡ്മിൻ. മാറ്റിവെച്ച രണ്ടാമത്തെ ഹൃദയവുമായി ജീവിതം 13ാം വർഷത്തിലേക്ക് നീങ്ങുന്ന ഗിരീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിരുന്നു.

ഹൃദയം മാറ്റിവെച്ചവരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഈ കൂട്ടായ്മയെ ‘ഗിഫ്റ്റഡ് ലൈവ്സ്’എന്ന പേരിൽ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഗിരീഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹൃദയം മാറ്റിവെക്കുന്ന ഘട്ടത്തിൽ പൊതുസമുഹത്തിന്‍റെയും സർക്കാരിന്‍റെയും പിന്തുണയുണ്ടാകുമെങ്കിലും തുടർജീവിതത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് ഇവരിൽ പലരും. തുടർ ചികിത്സയുടെ ഭാഗമായി അജീവനാന്തം മരുന്ന് കഴിക്കണം. ഇതിന് പ്രതിമാസം 5000 മുതൽ 25,000 രൂപ വരെ ചെലവ് വരുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.

സ്വന്തം കുടുംബങ്ങളിലെ മരണം, വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് പുറമെ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്ന് കഴിക്കേണ്ട രീതികളും ചികിത്സാ സംബന്ധമായ വിവരങ്ങളുമെല്ലാം ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. അംഗങ്ങൾ പരസ്പരം വിളിക്കുകയും ആരോഗ്യ വിവരങ്ങൾ തിരക്കുകയും ചെയ്യുന്നതിനൊപ്പം വിശേഷാവസരങ്ങളിൽ വീടുകൾ സന്ദർശിക്കുകയും ചെയ്യുന്നു. ഒക്ടോബറിൽ എല്ലാ അംഗങ്ങൾക്കും ഇൻഫ്ലുവൻസ വാക്സിൻ വീടുകളിൽ എത്തിച്ചുനൽകി തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ ഉറപ്പാക്കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഹൃദയം മാറ്റിവെച്ചവർക്ക് പ്രതിമാസം സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉടൻ നിവേദനം നൽകുമെന്ന് ഗിരീഷ് കുമാർ പറഞു.

Tags:    
News Summary - World Heart Day: Heart Transplant Recipients Celebrate a Decade of Courage and Community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.