ശബരിമല ഇ-ടെണ്ടർ ;അട്ടിമറിക്ക് പിന്നിൽ ദേവസ്വം ഉദ്യോഗസ്ഥരടങ്ങിയ ലോബി
തിരുവനന്തപുരം: ശബരിമലയിലെ കടകൾ ലേലം ചെയ്യാനുള്ള ഇ-ടെണ്ടർ നടപടികൾ അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിൽ തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥരടങ്ങിയ ലോബിയാണെന്ന് വ്യക്തമാകുന്നു. ഇന്നലെ നടക്കാനിരുന്ന ഇ-ലേലം വിശദാംശങ്ങൾ ചോർന്നതിനെ തുടർന്ന് റദ്ദാക്കി. ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയാണ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറും.
വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗൂഢസംഘമാണ് ഇപ്പോൾ ഇ-ടെണ്ടർ അട്ടിമറിക്കാൻ ശ്രമിച്ചതെന്നും വ്യക്തം. ശബരിമലയിലെ കടകൾ ലേലത്തിനെടുത്ത് മറിച്ച് വിൽക്കുകയാണ് ഈ സംഘം ചെയ്തുവന്നതെന്നും അതിന് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും വ്യക്തമാകുകയാണ്. ശബരിമലയിലെ കടകളുടെ ലേലം സംബന്ധിച്ച പരാതികൾ ഒഴിവാക്കാനാണ് ഇ-ലേലത്തിന് തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചത്. ഈമാസം 28നായിരുന്നു ലേലം.
ടെണ്ടർ നടപടികളിൽ പങ്കെടുത്ത ആള്‍ക്ക് കുത്തക ലേല ലോബിയുടെ ഭീഷണിയുണ്ടായതാണ് വിവരം ചോർന്നെന്ന് വ്യക്തമാക്കിയത്. ലേലത്തിലൂടെ സ്ഥിരം കടയെടുക്കുന്ന ആളാണെന്നും പിൻമാറണമെന്നും ആവശ്യപ്പെട്ട് ഇ-ടെണ്ടറിൽ പങ്കെടുക്കാനിരുന്ന ആളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച് ഇയാൾ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുമുണ്ട്.
ശബരിമലയിലെ 112 കടകളുടെ ടെണ്ടർ വിവരങ്ങൾ സമാനമായ രീതിയില്‍ ചോർന്നതായാണ് വിവരം. ലേല വിവരങ്ങള്‍ ചോർത്തിയതിന് പിന്നില്‍ ദേവസ്വം കമീഷണറേറ്റിലെയും എക്സിക്യൂട്ടിവ് ഓഫിസിലേയും ഉദ്യോഗസ്ഥരാണെന്ന വിലയിരുത്തലിൽ ചില ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇ-ടെണ്ടർ നടപടി നല്ല ഉദ്ദേശത്തോടെയായിരുന്നെന്ന് ദേവസ്വംമന്ത്രി കെ മുരളീധരനും പ്രതികരിച്ചു. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 15ന് മുമ്പായി ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.