‘സ്വർണവില നോക്കി വ്യാപാരികളുടെ ലാഭം കണക്കാക്കരുത്, യുപിഐ ഇടപാടുകളുടെ പേരിൽ പിഴിയരുത്’; യുപിഐ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വർണവ്യാപാരികളുടെ ധർണ
തിരവനന്തപുരം: യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെ.ജ.എസ്.എം.എ) നേതൃത്വത്തിൽ ഒക്ടോബർ 15 വ്യാഴാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
സ്വർണവില കുതിച്ചുയരുന്നതിനൊപ്പം വ്യാപാരച്ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ യുപിഐ നിരക്കുകൾ സ്വർണവ്യാപാര മേഖലയ്ക്ക് ഇരട്ട പ്രഹരമാണെന്ന് ഇവർ പറഞ്ഞു. സ്വർണവില വർധിക്കുന്നതുകൊണ്ട് വ്യാപാരികളുടെ ലാഭം വർധിക്കുന്നില്ല. ഉയർന്ന മൂലധന നിക്ഷേപം, വിലയിലെ ചാഞ്ചാട്ടം, വിപണിയിലെ മാന്ദ്യം എന്നിവയ്ക്കൊപ്പം യുപിഐ നിരക്കുകൾ കൂടി ചുമത്തുന്നത് ചെറുകിട-ഇടത്തരം ജ്വല്ലറികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. ഉയർന്ന മൂല്യമുള്ള സ്വർണാഭരണ ഇടപാടുകളിൽ ചെറിയ നിരക്കുകൾ പോലും വലിയ സാമ്പത്തികബാധ്യതയായി മാറും.
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണം. അതിന്റെ പേരിൽ വ്യാപാരികളെ പിഴിയരുത്. സ്വർണവിലയുടെ പേരിൽ വ്യാപാരികളുടെ ലാഭം കണക്കാക്കരുത്. പ്രതിസന്ധിയിലായ സ്വർണവ്യാപാര മേഖലയെ കൂടുതൽ സാമ്പത്തികഭാരത്തിലേക്ക് തള്ളിവിടുന്ന യുപിഐ നിരക്കുകൾ പിൻവലിക്കണം. ഡിജിറ്റൽ ഇന്ത്യയും പണരഹിത ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം തിരുത്തണം. ഡിജിറ്റൽ ഇടപാടുകൾ സുതാര്യതയും നികുതി അനുസരണവും ഉറപ്പാക്കാൻ സഹായിക്കുമ്പോൾ അതിന്റെ ചെലവ് വ്യാപാരികളുടെ മേൽ ചുമത്തുന്നത് നീതിയല്ല -ഭാരവാഹികൾ പറഞ്ഞു.
യുപിഐ നിരക്കുകൾ പിൻവലിക്കുക, ചെറുകിട-ഇടത്തരം വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, അധിക ചെലവില്ലാതെ ഡിജിറ്റൽ ഇടപാടുകൾ നടത്താനുള്ള സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.