സ്വകാര്യ ആശുപത്രികളിൽ ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം; നഴ്സുമാർക്ക് ഓവർടൈം അലവൻസും ഷിഫ്‌റ്റ്‌ ക്രമീകരണവും

തിരുവനന്തപുരം: നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. അധികസമയം ജോലി ചെയ്താൽ ഓവർടൈം അലവൻസുമുണ്ടാകും.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ്‌ പരിഹാരമായത്‌. 2021ൽ നൂറിലധികം കിടക്കകളുള്ള ആശുപത്രികളിൽ നഴ്സുമാരുൾപ്പടെ മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചെറിയ ആശുപത്രികൾക്കും ബാധകമാക്കണമെന്ന ആവശ്യവുമായി നഴ്സുമാരുടെ സംഘടനകൾ തൊഴിൽ വകുപ്പിനെ സമീപിച്ചു. എട്ടുമണിക്കൂർ ഷിഫ്റ്റ് പാലിക്കപ്പെടാറില്ലെന്നായിരുന്നു നഴ്‌സുമാരുടെ പരാതി. സംഘടനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ്, കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഏകീകൃത ഷിഫ്റ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ്‌ തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവിറക്കിയത്.

വി. വീരകുമാർ കമ്മിറ്റിയുടെ ശിപാ‍ർശയനുസരിച്ച് 2021ൽ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയത്. ഇതോടെ, സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായമായി. മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Tags:    
News Summary - Private hospitals now have a single shift system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.