പ്രതീകാത്മക ചിത്രം

നവകേരള സദസ്സ് ഉദ്ഘാടനത്തിനിടെ കാസർകോട് സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; ഏകപക്ഷീയ സമരമെന്ന് ബസുടമകൾ

കാസർകോട്: ഇന്ന് നവകേരള സദസ്സ് ഉദ്ഘാടനം നടക്കുന്ന കാസർകോട് ജില്ലയിൽ മിന്നൽ പണിമുടക്കുമായി ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാർ. കാസർകോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിൽ പൊലീസുകാർ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സമരം. കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസ്സുകൾ അടക്കം സമരക്കാർ തടഞ്ഞുവെച്ചു.

അതേസമയം, ഒരുസംഘടനയും ഔദ്യോഗികമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഒരുവിഭാഗം ജീവനക്കാർ ഏകപക്ഷീയമായി പണിമുടക്കുകയാണെന്നാണ് മറുവിഭാഗം പറയുന്നത്. സമരത്തോട് അനുകൂല നിലപാടി​ല്ലെന്ന് ബസുടമകളും വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെ സഞ്ചരിച്ച് നടത്തുന്ന നവകേരള സദസ്സിന്റെ ഉദ്ഘാടനം ഇന്ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് നടക്കുന്നത്. അതിനിടെയാണ് അപ്രതീക്ഷിത ബസ് സമരം നടക്കുന്നത്. വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

നാളെ കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങഴിലാണ് പരിപാടി. സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.

Tags:    
News Summary - Private bus strike kasargode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.