ജി. സുധാകരനെതിരെ ഇനി പരസ്യപ്രകടനവും പ്രതിഷേധവുമില്ല

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരന്‍റെ വാദങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലൂടെ പ്രതിരോധിക്കാൻ സി.പി.എം തീരുമാനം. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയനീക്കം.

പ്രതിഷേധത്തിലൂടെയും പ്രതികരണത്തിലൂടെയും കൂടുതൽ പബ്ലിസിറ്റി സുധാകരന് നൽകേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. പാർട്ടി അണികൾക്കിടയിൽ വിശദീകരണം നൽകുന്നതിനൊപ്പം എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിന്‍റെ പ്രചാരണയോഗങ്ങളിൽ സുധാകരന്‍റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകും. ഇനി പരസ്യപ്രകടനവും പ്രതിഷേധമുണ്ടാകില്ല. ഇതിനുള്ള മുന്നൊരുക്കവും സി.പി.എം ജില്ല നേതൃത്വം ആരംഭിച്ചു. 63 വർഷത്തെ പാർട്ടിബന്ധം ഉപേക്ഷിച്ച് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പറവൂരിൽ ‘വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല’ എന്ന മുദ്രാവാക്യം മുഴക്കി സി.പി.എം ശക്തിപ്രകടനവും വിശദീകരണയോഗവും നടത്തിയത്.

സുധാകരന്‍റെ അധികാരമോഹത്തെ രൂക്ഷമായി നേതാക്കൾ വിമർശിച്ചു. സുധാകരന്‍റെ സഹോദരൻ ഭുവനേശ്വന്‍റെ രക്തസാക്ഷിത്വമടക്കം ഓർമിപ്പിച്ചായിരുന്നു ഇത്.

ഇതിന് പിന്നാലെയാണ് ജി. സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിച്ചത്. ഒരു സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്രവലിയ കോലാഹലം ആവശ്യമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കെ.എസ്.യുവിൽനിന്നാണ് ജില്ല സെക്രട്ടറി ആർ. നാസർ പാർട്ടിയിലേക്ക് എത്തിയതെന്നും തുറന്നടിച്ചു.

നേതൃത്വത്തിനെതിരെ കടുത്ത വിമശനമുണ്ടായിട്ടും പ്രതികരിക്കാതെ സി.പി.എം നേതാക്കൾ മൗനം പാലിച്ചു. തുടരെ തുടരെ എല്ലാറ്റിനും മറുപടി നൽകിയാൽ സുധാകരന് വലിയ പബ്ലിസിറ്റി കിട്ടുമെന്ന് കണക്കുകൂട്ടിയാണിത്. 

Tags:    
News Summary - No more public demonstrations or protests against G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.