മറ്റാരെങ്കിലുമുണ്ടോ, കേരളം ജയിക്കുമോ?

സൂപ്പർ താരങ്ങളുടെ സിനിമ പോലെയാണ് ഓരോ തെരഞ്ഞെടുപ്പ് കാലവും. പടം വിജയിച്ചാലും പൊട്ടിയാലും ഒരു പഞ്ച് ഡയലോഗ് പ്രേക്ഷക മനസ്സിൽ ഇടംപിടിക്കും.

നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ ഏത് മുന്നണി അധികാരത്തിൽ വന്നാലും അവരുടെ പ്രചാരണ മുദ്രാവാക്യം കാലത്തിന്‍റെ ബാലറ്റ് പെട്ടിയിലുണ്ടാകും. പറയാനുള്ളത് ആറ്റിക്കുറുക്കി, വോട്ടർമാരുടെ മനസ്സിൽ തങ്ങുംവിധം അവതരിപ്പിക്കുന്നിടത്താണ് ഈ വാചകങ്ങളുടെ വൈബ്. അവയിൽ പലതും സൂപ്പർഹിറ്റായതും മുന്നണികൾക്ക് വോട്ടിന് കൂട്ടായതും ചരിത്രം.

മുതിർന്ന നേതാക്കൾ വരെ പരിശോധിച്ചും തിരുത്തിയും തയാറാക്കുന്ന ടാഗ് ലൈൻ കൈയിൽ കിട്ടിയാലുടൻ ട്രോളിൽ പൊതിയാൻ എതിരാളികളും റെഡി.

2016ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ് പ്രചാരണ മുദ്രാവാക്യം മുന്നണികൾക്ക് ഒഴിച്ചുകൂടാനാവാത്തതായത്. ‘എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും’ എന്നത് സ്വന്തം നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത വിധം വൈറലായി.

സി.പി.എം നേതാക്കൾക്കടക്കം ഈ മുദ്രാവാക്യം ആദ്യം അത്ര ദഹിച്ചില്ലത്രെ. കാര്യം ലളിതമായി പറയാൻ മറ്റൊന്നില്ലെന്ന മുതിർന്ന നേതാവ് ടി.എം. തോമസ് ഐസകിന്‍റെ നിലപാടിനോട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം ഒടുവിൽ യോജിച്ചു. പക്ഷേ, ട്രോളൻമാർ വിട്ടില്ല.

‘വീട്ടിലെ കേടായ വാഷിങ് മെഷീനും ഫ്രിഡ്ജുമൊന്നും തൽക്കാലം നന്നാക്കരുതെന്നും എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും’ എന്നുമായിരുന്നു പരിഹാസം.

ഉമ്മൻ ചാണ്ടിയുടെ അഞ്ച് വർഷത്തെ ഭരണത്തിന് ശേഷമെത്തിയ ആ തെരഞ്ഞെടുപ്പിൽ ‘വളരണമീ നാട്, തുടരണമീ ഭരണം’ എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ് പരീക്ഷിച്ചത്. ബി.ജെ.പിയും പ്രാസഭംഗി കുറച്ചില്ല.

‘വഴിമുട്ടിയ കേരളം, വഴികാട്ടാൻ ബി.ജെ.പി’ എന്നായി അവർ. എന്നാൽ, എല്ലാം ശരിയാകട്ടെ എന്ന് വോട്ടർമാർ തീരുമാനിച്ചപ്പോൾ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ വഴിമുട്ടി.

2021ൽ എൻ.ഡി.എ മോദിയെ കൂട്ടുപിടിച്ചു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന അവരുടെ മുദ്രാവാക്യത്തോട് ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന് ഇടത് മുന്നണിയും ‘നാട് നന്നാവാൻ യു.ഡി.എഫ്’ എന്ന് വലതുമുന്നണിയും തിരിച്ചടിച്ചു.

തൽക്കാലം മോദി വേണ്ടെന്നും ആദ്യം യു.ഡി.എഫ് നന്നാവട്ടെ എന്നുമുള്ള വോട്ടർമാരുടെ ഉറച്ച നിലപാടിന് മുന്നിൽ വീണ്ടും ഭരണം ഉറപ്പിച്ചത് എൽ.ഡി.എഫ്.

‘മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’ എന്ന ഇത്തവണത്തെ ഇടത് മുദ്രാവാക്യത്തിന് ട്രോളൻമാരിൽനിന്നും പ്രതിപക്ഷത്തുനിന്നും വലിയ പ്രഹരമുണ്ട്.

‘കക്കാനും മുക്കാനും മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’, ‘സഹകരണ ബാങ്കുകൾ കൊള്ളയടിക്കാൻ മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’....ഇങ്ങനെ പോകുന്നു അത്. ‘കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും’ എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

‘മാറാത്തത് മാറും, ഇനി കേരളം വളരും’ എന്ന് എൻ.ഡി.എ സ്വപ്നം കാണുന്നു. മറ്റാരെങ്കിലുമുണ്ടോ, കേരളം ജയിക്കുമോ, മാറാത്തത് മാറുമോ എന്നൊക്കെ അറിയാൻ നമുക്ക് മേയ് നാല് വരെ കാത്തിരിക്കാം.

Tags:    
News Summary - Is there anyone else, will Kerala win?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.