ജയിൽചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്

കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടാൻ ഗോവിന്ദച്ചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. അതിസുരക്ഷയുള്ള പത്താം ​ബ്ലോക്കിലെ സെല്ലിലെ സഹതടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചില്ലെന്നും ജയിൽവകുപ്പ് ഉ​ത്തരമേഖല ഡി.ഐ.ജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ആഭ്യന്തര​വകുപ്പ് സെക്രട്ടറിക്ക് ജയിൽവകുപ്പ് മേധാവി റിപ്പോർട്ട് കൈമാറുന്നതോടെ തുടർ നടപടികളുണ്ടാവും.

ജയിൽ ചാട്ടത്തിൽ ജയിൽവകുപ്പിന് സുരക്ഷാവീഴ്ചയെന്ന് സമ്മതിക്കുന്നതാണ് റിപ്പോർട്ട്. എന്നാൽ, ജയിൽചാട്ടത്തിൽ ഉദ്യോഗസ്ഥരെ അധികം കുറ്റപ്പെടുത്തുന്നില്ല. ജീവനക്കാരുടെ കുറവും താങ്ങാവുന്നതിനേക്കാൾ ഏറെ തടവുകാർ കഴിയുന്നതും അനുബന്ധമായി ​പറയുന്നു. 948 തടവുകാർക്ക് കഴിയാനുള്ള സൗകര്യമാണ് കണ്ണൂർ ​സെൻട്രൽ ജയിലിലുള്ളത്. നിലവിൽ 1119പേർ ഇവിടെ കഴിയുന്നുണ്ട്. ഇതിൽ 873 പേർ കോടതി ശിക്ഷിച്ചവരാണ്.

വിചാരണ തടവുകാർ 62, റിമാൻഡ് തടവുകാർ 94, ഗുണ്ടാ ആക്ട് പ്രകാരമുള്ളവർ 87, സാമ്പത്തിക തട്ടിപ്പുകാർ മൂന്ന് എന്നിങ്ങനെയാണ് മൊത്തം തടവുകാരുടെ കണക്ക്. അതിസുരക്ഷയുള്ള ബ്ലോക്കിൽ ഇരട്ടിയോളം പേർ കഴിയുന്നു. ഇങ്ങനെ ജയിലിലെ സൗകര്യങ്ങളും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - Prison DIG's report says Govindachamy did not receive help for jailbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.