തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നിയമസഭയിൽ സർക്കാറിനെ നിർത്തിപ്പൊരിക്കാനിറങ്ങിയ പ്രതിപക്ഷത്തെ അടിയന്തര പ്രമേയ ചർച്ചയിൽ ‘പുകച്ച്’ ഭരണപക്ഷം.
ഓണക്കാലത്തുപോലും വിപണിയിടപെടലിനായി ഒന്നും ചെയ്യാത്ത സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായെന്നും പ്രതിപക്ഷം ആരോപിച്ചപ്പോൾ, സർക്കാറിന്റെ ഓണച്ചന്തകൾ ഉദ്ഘാടനം ചെയ്യുകയും അവയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ നേതാവടക്കമുള്ളവർ ഇത്തരമൊരു വിഷയം അടിയന്തര പ്രമേയ ചർച്ചക്ക് കൊണ്ടുവന്നത് വിഷയദാരിദ്രവും ഇരട്ടത്താപ്പുമാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ഒടുവിൽ പതിവുപോലെ വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ രണ്ടര മണിക്കൂർ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം സഭ വിട്ടിറങ്ങി.
തുടർച്ചയായി മൂന്നാംദിനവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയാറാവുകയായിരുന്നു. എട്ടുമാസമായി രാജ്യത്ത് വിലക്കയറ്റ തോതിൽ ഒന്നാം സ്ഥാനത്ത് കേരളമാണെന്നും അരി മുതൽ മുളക് വരെയുള്ളവക്ക് രണ്ടുമാസം കൊണ്ട് മൂന്ന് മുതൽ 15 രൂപ വരെ വർധിച്ചെന്നും പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിപണിയിടപെടലിന് ഭക്ഷ്യവകുപ്പ് 420 കോടി ആവശ്യപ്പെട്ടതിൽ പകുതി പോലും അനുവദിച്ചില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ ഇനി സർക്കാറിന് മുന്നിലുള്ളത് അന്താരാഷ്ട്ര വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് സംഘടിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു.
'വെളിച്ചെണ്ണ വില കുതിച്ചുകയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ‘10 രൂപയുടെ പപ്പടം 400 രൂപയുടെ വെളിച്ചെണ്ണയില്‍ കാച്ചുന്ന മലയാളിയോടാണോ ട്രംപിന്റെ കളി’ എന്ന് അമേരിക്ക തീരുവ കൂട്ടിയപ്പോള്‍ ട്രോള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഒരുപാടു കാത്തിരിക്കേണ്ട അവസ്ഥയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചുട്ടു തിന്നേണ്ടിവരും. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. സപ്ലൈകോ വിപണി ഇടപെടലിന് ആവശ്യപ്പെട്ടത് 420 കോടി രൂപയാണ്. എന്നാല്‍ വകയിരുത്തിയത് 205 കോടിയും അതില്‍ ചെലവഴിച്ചത് 176 കോടി രൂപയുമാണ്. പിന്നെ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്. സബ്സിഡി സാധനങ്ങള്‍ക്കു വരെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു. 2016ല്‍ ചെറുപയറിന് സബ്സിഡി വില 74 രൂപയായിരുന്നു. ഇപ്പോള്‍ 90 രൂപയാണ് വില. സമാനമായി എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു'– വിഷ്ണുനാഥ് പറഞ്ഞു.
വിലക്കയറ്റത്തിൽ കേന്ദ്രസർക്കാറിനെ വിമർശിക്കാത്ത യു.ഡി.എഫ് നിലപാട് ഭരണപക്ഷം ആയുധമാക്കി. മാധ്യമങ്ങളും ജനങ്ങളും ചൂണ്ടിക്കാണിക്കാത്ത വിഷയമാണ് പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഓണത്തിന് മുൻഗണനേതര വിഭാഗത്തിന് ഒരുമണി അരി പോലും നൽകാൻ കേന്ദ്രം തയാറായില്ല. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ കേന്ദ്രത്തിന്റെ വാക്കും കേട്ട് കിടന്നുറങ്ങുകയായിരുന്നില്ല സർക്കാർ. റേഷൻകടകൾ വഴിയും സപ്ലൈകോ വഴിയും സൗജന്യമായും കുറഞ്ഞ നിരക്കിലും 45 കിലോ അരി ഓരോ കുടുംബത്തിനും ഉറപ്പാക്കി.
ഇതോടെ പൊതുവിപണിയിൽ ഓണക്കാലത്ത് അരി വില വർധിച്ചില്ല. 56 ലക്ഷം കാർഡുടമകൾ സപ്ലൈകോയിലെത്തി. പറവൂരിൽ സർക്കാറിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് എല്ലാ സാധനങ്ങളും സപ്ലൈകോയുടെ ചന്തയിലുണ്ടെന്നും നല്ല ഇടപെടലാണ് ഓണക്കാലത്ത് സർക്കാർ നടത്തിയതെന്നും അറിയിച്ചെന്ന മന്ത്രിയുടെ പരാമർശം സഭയിൽ വാഗ്വാദത്തിന് ഇടയാക്കി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ശബ്ദ സന്ദേശം തന്റെ പക്കലുണ്ടെന്നും അത് അദ്ദേഹത്തിന് അയച്ചുനൽകാമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളെ ചവിട്ടിത്താഴ്ത്താൻ വാമനൻ സ്റ്റോർ കൊണ്ടുവന്നവരാണ് യു.ഡി.എഫ് സർക്കാർ എന്ന ഭക്ഷ്യമന്ത്രിയുടെ പരാമർശവും ബഹളത്തിനിടയാക്കി. വാമനൻ സ്റ്റോർ എവിടെയാണ് കൊണ്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കെ. കരുണാകരന്റെ കാലത്താണെന്നും എം.എൽ.എക്ക് അന്ന് അത്ര പ്രായമാകാത്തതുകൊണ്ടാണ് അതേക്കുറിച്ച് അറിയാത്തതെന്നും മന്ത്രി തിരിച്ചടിച്ചു. ഇതോടെ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും വിലക്കയറ്റം സർക്കാർ മറച്ചുവെക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.