കുടുംബശ്രീ രജതജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് വേദിയിൽ സംസാരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമീപം മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: ബിമൽ തമ്പി)

സാമൂഹിക പരിഷ്കർത്താക്കളെ ഓർമിച്ച് മുർമു

തിരുവനന്തപുരം: കേരളത്തിന്‍റെ സാമൂഹിക പരിഷ്കർത്താക്കളെയും രാഷ്ട്രീയ, സാംസ്കാരിക പ്രമുഖരെയും ഓർമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ആദിശങ്കരാചാര്യരുടെ നാടായ കേരളം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹിക പരിഷ്‌കർത്താക്കളിൽനിന്ന് പ്രചോദനമുൾക്കൊണ്ടു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവർ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്നതായി രാഷ്ട്രപതി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ആഭിമുഖ്യത്തിലൊരുക്കിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ഒ.എൻ.വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയ മഹാരഥർ ആധുനിക ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. മെട്രോമാൻ ഇ. ശ്രീധരൻ, ‘മിസൈൽ വനിത’ ടെസി തോമസ്, ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ എന്നിവർ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകൾ കേരളത്തിന്റെ സാമൂഹിക ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്ജ്വല മാതൃകയാണ് ഉണ്ണിയാർച്ച മുന്നോട്ടുവെച്ചത്.

വസ്ത്രധാരണമുൾപ്പെടെ വ്യക്തിപരമായ കാര്യങ്ങളിൽ, ദലിത് സ്ത്രീകളുടെ മേൽ അടിച്ചേൽപിച്ച അന്യായ ആചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് നങ്ങേലി ജീവൻ ബലിയർപ്പിച്ചത്. രാജ്യത്തിന്റെ ഭരണഘടന നിർമാണസഭയിലുണ്ടായിരുന്ന 15 വനിതാ അംഗങ്ങളിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ എന്നിവർ അവരുടെ കാലത്തെക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ചവരായിരുന്നു.

ഭരണഘടന നിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ദലിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. ഇന്ത്യയിൽ ആദ്യമായി ഹൈകോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്ന ചാണ്ടിയാണ്. സുപ്രീംകോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി ചരിത്രം സൃഷ്ടിച്ചു. 2018-ൽ 96-ാം വയസ്സിൽ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് നേടി കാർത്ത്യായനിയമ്മ ദേശീയ പ്രതീകമായി മാറി. മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി. പി.ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയറായി സ്വീകരിക്കാനും ഇന്ത്യയുടെ യശസ്സ് വർധിപ്പിക്കാനും പ്രചോദനമായെന്നും രാഷ്ട്രപതി പറഞ്ഞു. 

Tags:    
News Summary - President Droupadi Murmu Remembering the social reformers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.