തിരുവനന്തപുരം: കെട്ടിടത്തിന്‍റെ വലിപ്പത്തിനനുസരിച്ച് സ്ലാബും വെള്ളക്കരവും നിശ്ചയിക്കുന്നതിന് നടപടിയാരംഭിച്ച് ജല അതോറിറ്റി. ഇതുസംബന്ധിച്ച് അതോറിറ്റി തയാറാക്കിയ താരിഫ് സർക്കാറിന്‍റെ പരിഗണനക്കയച്ചു. നിലവിൽ ഉപഭോഗം അടിസ്ഥാനമാക്കി മാത്രമാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. പുതിയ താരിഫ് സർക്കാർ അംഗീകരിച്ചാൽ ചെറിയ കെട്ടിടങ്ങൾക്ക് കുറഞ്ഞ നിരക്കും വലിയ കെട്ടിടങ്ങൾക്ക് ഉയർന്ന നിരക്കുമാകും.
ഗാർഹിക-ഗാർഹികേതര ഉപഭോക്തക്കൾക്കെല്ലാം ഇത് ബാധകവുമായിരിക്കും. സാമൂഹികപ്രതിബദ്ധതയുടെ പേരിൽ നേരത്തെ തന്നെ പരിഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബി.പി.എൽ, ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർ എന്നിവർക്ക് ഇളവുകളോടെയുള്ള താരിഫും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഒപ്പം അംഗൻവാടികൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, വായനശാലകൾ, ആരാധനാലയങ്ങൾ എന്നിവയെ പുതുതായി പരിഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഗാർഹികം, ഗാർഹികേതരം, വ്യവസായം, സ്‌പെഷൽ (നിർമാണാവശ്യം) എന്നിങ്ങനെ നാല് വിഭാഗങ്ങളാണുള്ളത്. ഇതിനുപുറമെ വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ എന്നിവ ഉൾപ്പെടുന്ന ‘വൻകിട ഉപഭോക്താക്കൾ’ എന്ന ഒരു പൊതുവിഭാഗം കൂടി ചേർത്തിട്ടുമുണ്ട്. വലിയ തോതിൽ വെള്ളം ആവശ്യമുള്ള അമ്യൂസ്‌മെന്റ് പാർക്കുകൾ, വാഹന സർവിസ് സെന്റർ, നീന്തൽക്കുളങ്ങൾ, കുപ്പിവെള്ള ഫാക്ടറികൾ, എന്നിവക്ക് ഉയർന്ന നിരക്കിലുള്ള സ്ലാബാണ് ശിപാർശ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.