അടുത്ത വര്‍ഷം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി. രാജീവ്

തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ കാമ്പസുകളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈ ബോര്‍ഡ് ഓഫ് അപ്പ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന്റെ സഹകരണത്തോടെ ഗവ. പോളിടെക്‌നിക് കോളജില്‍ നടന്ന അപ്പ്രന്റിസ് മേള 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാമ്പസുകളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ നിലവില്‍ വരുന്നതോടെ വിദ്യാർഥികള്‍ക്ക് പഠനത്തിനോടൊപ്പം വരുമാനം കണ്ടെത്താനും നൈപുണ്യ വികസനവും സാധ്യമാകും. 38 കോളജുകള്‍ ഇതിനായി താല്പര്യം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്കുള്ള ഉല്‍പാദന യൂനിറ്റായും പ്രോജക്ടുകള്‍ ചെയ്യുന്നതിനുള്ള കേന്ദ്രമായും കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കും. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ നിർമിക്കുന്നതിന് ഒന്നരക്കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷം തന്നെ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് സ്‌കൈ പദ്ധതി വഴി നടത്തിയ തൊഴില്‍മേളകള്‍ വഴി മുന്നൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കി. മണ്ഡലത്തിലെ ബികോം ബിരുദധാരികളായ വീട്ടമ്മമാര്‍ക്ക് അമേരിക്കന്‍ ടാക്‌സ് കമ്പനിയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി.

നിരവധി തൊഴിലവസരങ്ങളിലേക്ക് വഴി തുറന്നു കൊണ്ടാണ് അപ്രന്റീസ് മേള നടക്കുന്നത്. 2500 ല്‍ അധികം തൊഴിലവസരങ്ങളാണ് വിവിധ കമ്പനികളിലായി ഒരുങ്ങിയിരിക്കുന്നത്. വ്യവസായ മേഖലയില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വ്യവസായ ശാലകള്‍ വര്‍ധിക്കുന്നത് വഴി ഇവിടെത്തന്നെ തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

മേളയില്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എഴുപതോളം കമ്പനികള്‍ പങ്കെടുത്തു. 2500 തൊഴിലവസരങ്ങളാണ് ഉള്ളത്. കളമശേരി ഗവ. പോളിടെക്‌നിക് കോളജില്‍ നടന്ന ചടങ്ങില്‍ കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ നിഷിത സലാം അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എം.എസ് രാജശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ് ഇന്ദുലാല്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്റ് റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ആര്‍.ഗീതാ ദേവി, കളമശ്ശേരി പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ ആനി ജെ. സെനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - P.Rajiv that campus industrial parks will become a reality next year.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.