കശുവണ്ടി വ്യവസായത്തെ കൈപിടിച്ചുയർത്തുമെന്ന് പി. രാജീവ്

തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തെ കൈപിടിച്ചുയർത്തുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായത്തെ കൈപിടിച്ച് ഉയർത്തുന്നതിന് മുൻ സർക്കാർ പുനരുദ്ധാന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി കശുവണ്ടി വ്യവസായത്തിനായി സ്വകാര്യ വ്യവസായികൾ എടുത്ത് എൻ.പി.എ ആയ വായ്പകൾ തീർപ്പാക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒ.ടി.എസ്) പ്രഖ്യാപിക്കുന്നതിനായി ഫോർമുല രൂപീകരിക്കുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഈ സർക്കാർ ബാങ്കുകളുമായും വ്യവസായികളുമായും ട്രേഡ് യൂനിയനുകളുമായും വിവിധ തലങ്ങളിൽ നിരവധി ചർച്ചകൾ നടത്തുകയും ബാങ്കുകളും വ്യവസായികളുമായി സമവായത്തിലെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒ.ടി.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.

തുടർന്ന് വ്യവസായികളുടെ നിരന്തര ആവശ്യം മുൻനിർത്തി ബാങ്കുകളുമായി വ്യവസായികൾ കരാറിലേർപ്പെടാനുള്ള തീയതി 2022 മാർച്ച് 31 ൽ നിന്നും ഡിസംബർ 31ആയി നീട്ടി നൽകി. സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിനും പരിപോഷിപ്പിക്കുന്ന തിനുമായി 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ 37 കോടി രൂപ അനുവദിച്ചു.

കോവിഡ് മഹാമാരി മൂലം ജീവനോപാധികൾ നഷ്ടപ്പെട്ട ചെറുകിട, ഇടത്തരം കശുവണ്ടി ഫാക്ടറികൾക്ക് പ്രവർത്തന മൂലധനവും ആധുനീകരണത്തിനുള്ള മൂലധനസഹായവും പലിശ സഹായത്തിനും ഇത്തരം യൂനിറ്റുകളുടെ പുനരുദ്ധാരണത്തിനുമായി ഏഴു കോടി രൂപയും കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് വായ്പകൾക്ക് പലിശയിളവ് നൽകാനും തൊഴിൽ നൽകുന്നതനുസരിച്ച് മറ്റ് പ്രോത്സാഹന പദ്ധതികൾ നടപ്പാക്കാനുമായി 30 കോടി രൂപയുമാണ് 2022-23 വർഷത്തെ ബജറ്റിൽ നീക്കി വെച്ചത്.

ചെറുകിട ഇടത്തരം കറുവണ്ടി ഫാക്ടറി യൂനിറ്റുകൾ 2020 മുതൽ സ്ഥാപിച്ച അധിക യന്ത്ര സാമഗ്രികൾ, കെട്ടിടങ്ങളുടെ നവീകരണം എന്നിവക്ക് മൂലധന ഗ്രാന്റായി പൊതുവിഭാഗത്തിന് പരമാവധി 40 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. എസ്.സി/എസ്.റ്റി, വനിതകൾക്കും 18നും 45നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കും അംഗപരിമിതരുമായ സ്വകാര്യ ഫാക്ടറി ഉടമകൾക്ക് പരമാവധി 50 ലക്ഷം രൂപ വരെ നൽകുന്നതിനും അതുവഴി ഉൽപ്പാദനക്ഷമതയും, വിറ്റുവരവും ഗണ്യമായി മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി.

ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നതും കഴിഞ്ഞ വർഷം പ്രവർത്തന മൂലധനമായി ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി വായ്മ കൈപ്പറ്റിയതുമായ യൂനിറ്റുകൾക്ക് പലിശ താങ്ങുസഹായവും നൽകുന്നു. വായ്പക്ക് പലിശയുടെ 50 ശതമാനം അഥവാ പരമാവധി 10 ലക്ഷം രൂപയാണ് ഒരു യൂനിറ്റിന് നൽകുന്നത്. പൊതുമേഖലാ ബാങ്കുൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ വഴി റീ ഇംപേഴ്സ്മെന്റ് എന്ന നിലക്കാണ് സഹായം നൽകുന്നത്. പരമാവധി മൂന്ന് വർഷം വരെ അർദ്ധ വാർഷികമായി പണം നൽകുമെന്നും എം. നൗഷാദ്, എം.എസ് അരുൺ കുമാർ, ജി. സ്റ്റീഫൻ, ദെലീമ എന്നിവർക്ക് മന്ത്രി മറുപടി നൽകി.   

Tags:    
News Summary - P.Rajiv said that handcart industry will be uplifted.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.