കൊച്ചി: ഭൂമരഹിതരില്ലാത്ത കേരളം എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. പിറവം പോഴിമല കോളനി നിവാസികൾക്ക് പട്ടയ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയില്ലാത്തതിന്റെ പേരിൽ കഷ്‌ടത അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ വരുന്നത്.
സംസ്‌ഥാന സർക്കാരിന്റെ എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭൂരേഖ പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം നഗരസഭ ഇരുപത്തിയാറാം ഡിവിഷനിലെ പോഴിമല കോളനി നിവാസികളായ 48 കുടുംബങ്ങൾക്കാണ് പട്ടയം ലഭ്യമായി. രണ്ട് ഏക്കറോളം വരുന്ന സ്‌ഥലമാണ് കുടുംബങ്ങൾക്ക് സ്വന്തമായത്.
പിറവം മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ. എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, മുനിസിപ്പൽ കൗൺസിലർ, പോഴിമല നിവാസികൾ, പൊതുപ്രവർത്തകർ, മാർ ഗ്രിഗോറിയോസ് പള്ളി വികാരി തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലത്ത് 5000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യാൻ നടപടികൾ തുടങ്ങിയെന്നും കടവൂർ വില്ലേജിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് മന്ത്രി അറിയിച്ചു. കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിൽ പട്ടയം അനുവദിക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രി തലത്തിൽ തന്നെ ഇടപെടൽ നടത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ തീരുന്നതോടെ പ്രദേശത്തെ ഏകദേശം 5000 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ കഴിയും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പട്ടയങ്ങൾ നൽകാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.