ദാരിദ്ര്യമില്ലാത്ത കേരളം യുഡിഎഫ് സര്‍ക്കാറിന്‍റെ പോരാട്ട വിജയം; പിണറായിയുടെ അഭിപ്രായം തെറ്റിദ്ധാരണമൂലമാകാം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: 2015 -16 കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സർവെ അടിസ്​ഥാനമാക്കി നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കേരളം മികച്ച സ്​ഥാനം കൈവരിച്ചത്​ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഉമ്മൻചാണ്ടി സർക്കാറിന്‍റെ അവസാന വർഷവും പിണറായി സർക്കാറിന്‍റെ ആദ്യ ആറുമാസവുമാണ്​ നിതി ആയോഗ്​ പട്ടിക തയാറാക്കാൻ പരിഗണിച്ചത്​. 2019-20ലെ അഞ്ചാമത്​ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിയ റിപ്പോർട്ട്​ പിന്നീട്​ പ്രസിദ്ധീകരിക്കുമെന്ന്​ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം ഈ നേട്ടത്തിന്‍റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.

2015-16ല്‍ ബീഹാറില്‍ 51.91% ജനങ്ങള്‍ പട്ടിണിയിലായിരുന്നപ്പോള്‍ കേരളത്തിൽ 0.71 % ജനങ്ങള്‍ മാത്രമായിരുന്നു ദാരിദ്ര്യം അനുഭവിച്ചത്​. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിര്‍വചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയില്‍ പിന്നിലെത്തിയത്.

യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നൽകിയ സൗജന്യ റേഷന്‍, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കല്‍, സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് മുട്ട ഉള്‍പ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്. നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

2015 ജനുവരി 20ന്​ തുടങ്ങിയ സർവേ 2016 ഡിസംബർ നാലിനാണ്​ സമാപിച്ചത്​. അതായത്​, സർവെ കാലയളവിൽ 16 മാസവും ഉമ്മൻചാണ്ടിയാണ്​ കേരളം ഭരിച്ചത്​. ബാക്കി 6 മാസവും 10 ദിവസവുമാണ്​ ഒന്നാം പിണറായി സർക്കാർ ഭരിച്ചത്​.

ദാരിദ്ര്യ സൂചികയിലെ നേട്ടം ഉമ്മൻചാണ്ടി സർക്കാരിന് അർഹതപ്പെട്ടതാണെന്ന്​ രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും നടപടികളും ലോക ശ്രദ്ധ നേടി. എന്നാൽ ഇന്ന് ഇതാണോ സ്ഥിതിയെന്ന് സംശയിക്കേണ്ടതാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് ഇപ്പോഴത്തെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2016 മേയിലാണ്​. അതിന് ഒന്നര വർഷം മു​േമ്പ തുടങ്ങിയ സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടമാണ്​ പിണറായി സർക്കാറിന്‍റെ നേട്ടമായി കൊണ്ടാടിയത്​. തെറ്റായ അവകാശവാദമാണെന്നാണ്​ വ്യക്​തമാകുന്നത്​.

പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്.

രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമാണ്​ കേരളം. കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്. അതായത്​ 1000ത്തില്‍ 7.1 പേര്‍. അതേസമയം, ബിഹാർ ജനസംഖ്യയുടെ പകുതിയിലധികവും (51.91 ശതമാനം) ദരിദ്രരാണ്. തൊട്ടുപിന്നിലായി ജാർഖണ്ഡും (42.16 ശതമാനം), ഉത്തർപ്രദേശുമാണ് (37.79 ശതമാനം). പട്ടികയിൽ മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും മേഘാലയ (32.67) അഞ്ചാം സ്ഥാനത്തുമാണ്.

കേരളത്തിനുതൊട്ടുമുകളിലുള്ളത്​ ഗോവയാണ്​ (3.76). സിക്കിം (3.82), തമിഴ്നാട് (4.89) പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളിലും ദരിദ്രരുടെ എണ്ണം കുറവാണ്​.

പോഷകാഹാരകുറവുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലും ബിഹാർ തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളാണ്.

ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻറ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമും (യു.എൻ.ഡി.പി) വികസിപ്പിച്ച, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് പ്രഥമ സർവേക്കായി ഉപയോഗപ്പെടുത്തിയത്.

Tags:    
News Summary - Poverty-free Kerala is victory of UDF government says Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.